ആംസ്റ്റര്‍ഡാം: നെതര്‍ലന്റില്‍ നിന്ന് ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവെക്കണമെന്ന് ഉത്തരവിട്ട് ഡച്ച് സുപ്രീം കോടതി. ആയുധ കയറ്റുമതി അടുത്ത എട്ട് മാസത്തേക്ക് വിലക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
എഫ്-55 എന്ന യുദ്ധവിമാനങ്ങളുടെ ഭാഗങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനെതിരെയാണ് കോടതിയുടെ നീക്കം. നെതര്‍ലന്റിലെ ഒരു പ്രാദേശിക വെയര്‍ഹൗസില്‍ നിന്നാണ് ഇസ്രഈലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.
ലോകത്താകമാനമുള്ള മൂന്ന് എഫ്-55 വിതരണ കേന്ദ്രങ്ങളില്‍ ഒന്നാണ് നെതര്‍ലന്റില്‍ പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിക്കുന്ന കേസുകളില്‍ രാജ്യം കക്ഷിയാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡച്ച് കോടതി ആയുധ വിതരണത്തിന് ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
നേരത്തെ ഹേഗിലെ അപ്പീല്‍ കോടതി ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവെക്കണമെന്ന് ഡച്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇസ്രഈലിലേക്കുള്ള കയറ്റുമതി ഡച്ച് സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു.
എന്നാല്‍ ഇസ്രഈലിന്റെ സഖ്യകക്ഷി കൂടിയായ അമേരിക്ക ഉള്‍പ്പെട്ട മൂന്നാം രാജ്യങ്ങളിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നിയമം സര്‍ക്കാരിനെ അനുവദിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍ക്കാരിനെ വെട്ടിലാക്കികൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിനുപിന്നാലെ കോടതി ഉത്തരവിനെ പിന്തുണച്ച് ഓക്‌സ്ഫാം നോവിബ്, പാക്‌സ്, ദ റൈറ്റ്‌സ് ഫോറം എന്നീ എന്‍.ജി.ഒകള്‍ രംഗത്തെത്തുകയും ചെയ്തു. ഗസയിലെ ഡച്ച് സര്‍ക്കാരിനെതിരെ നിയമനടപടി സ്വീകരിച്ച എന്‍.ജി.ഒകള്‍ കൂടിയാണ് ഇവ.
ഉത്തരവില്‍ പ്രതികരിച്ച പാക്‌സിലെ ആയുധ വ്യവസായ പദ്ധതിയുടെ നേതാവായ ഫ്രാങ്ക് സ്ലിജ്പേര്‍, കോടതി ഉത്തരവ് പ്രധാനപ്പെട്ട ഒരു പ്രതീക്ഷയുടെ തിളക്കമാണെന്ന് പറഞ്ഞു. ഇത്തരത്തിലുള്ള കോടതി ഉത്തരവുകള്‍ കൂടുതല്‍ പോസിറ്റീവായ ഒരു സാഹചര്യത്തെ കാണിക്കുന്നുവെന്നും ഫ്രാങ്ക് ചൂണ്ടിക്കാട്ടി.
അടുത്തിടെ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ നെതര്‍ലന്റില്‍ സംഘര്‍ഷം നടന്നിരുന്നു. ഡച്ച് കോടതിയാണ് ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ രാജ്യത്ത് വിലക്കിയത്.
കോടതി വിലക്കിനെ തുടര്‍ന്ന് രാജ്യത്തെ ഫലസ്തീന്‍ അനുകൂലികള്‍ തെരുവിലിറങ്ങുകയായിരുന്നു. ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം ഉയര്‍ത്തിയും ബാനറുകള്‍ സ്ഥാപിച്ചുമാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.
ഇസ്രഈല്‍ ഫുട്‌ബോള്‍ ക്ലബായ മക്കാബി ആംസ്റ്റര്‍ഡാം ആരാധകര്‍ നഗരത്തില്‍ സ്ഥാപിച്ചിരുന്ന ഫലസ്തീന്‍ പതാകകള്‍ വലിച്ചുകീറുകയും കലാപാഹ്വാന മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്ത സംഭവത്തിനെതിരെ പ്രതിഷേധിക്കാനാണ് ഫലസ്തീന്‍ അനുകൂലികള്‍ അനുമതി തേടിയത്.
എന്നാല്‍ കോടതി ആവശ്യം നിഷേധിക്കുകയായിരുന്നു. ഈ സമയം ഇസ്രഈലി ഫുട്‌ബോള്‍ ആരാധകര്‍ ഫലസ്തീന്‍ പതാകകള്‍ വലിച്ചുകീറുന്നതിന്റെയും അതിക്രമം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
Content Highlight: Dutch Supreme Court orders halt to arms exports to Israel