ലണ്ടന്‍: ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ മതപരമായ വസ്ത്രങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ച് ഡച്ച് പൊലീസ്. ഹിജാബ്, ക്രിസ്ത്യന്‍ കുരിശുകള്‍, ജൂതവിഭാഗത്തിലെ പുരുഷന്മാര്‍ ധരിക്കുന്ന തൊപ്പി എന്നിവയാണ് പൊലീസ് നിരോധിച്ചിരിക്കുന്നത്. വലതുപക്ഷ, മുസ്‌ലിം വിരുദ്ധ രാഷ്ട്രീയ ഗ്രൂപ്പുകള്‍ പൊലീസ് യൂണിഫോം ന്യൂട്രാലിറ്റി ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു നടപടിയെന്ന് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നവര്‍ ആണെന്നും അവര്‍ പ്രത്യക്ഷത്തില്‍ മതത്തെയോ വിശ്വാസത്തേയോ പ്രകടമാക്കേണ്ടതില്ലെന്നും നിയമ മന്ത്രി ഡിലാന്‍ യെസില്‍ഗോസ് പറഞ്ഞു.
‘ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ അവരുടെ മതത്തെയോ വിശ്വാസത്തെയോ പ്രത്യക്ഷത്തില്‍ കാണിക്കുന്നത് അനുയോജ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നവരാണ്, അദ്ദേഹം പറഞ്ഞു.
പൊലീസ് സേന മുസ്‌ലിങ്ങളെയും മറ്റ് മതവിശ്വാസികളെയും ബഹുമാനിക്കുന്നുവെന്നും എന്നാല്‍ എല്ലാ ഉദ്യോഗസ്ഥരും ഒരേ നിയമത്തിന് കീഴിലാണെന്നും ഡിലാന്‍ യെസില്‍ഗോസ് പറഞ്ഞു.
‘ശിരോവസ്ത്രം ധരിച്ചുകൊണ്ട് നിങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ വരാം എന്നാല്‍ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ നിങ്ങളെല്ലാം ന്യൂട്രല്‍ ആയിരിക്കണം,’ അദ്ദേഹം പറഞ്ഞു.