നുപുര്‍ ശര്‍മയെ അനുകൂലിച്ചതിന് മുസ്‌ലിങ്ങള്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു; തീവ്ര വലത് ഡച്ച് പാര്‍ലമെന്റ് അംഗം
national news
നുപുര്‍ ശര്‍മയെ അനുകൂലിച്ചതിന് മുസ്‌ലിങ്ങള്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു; തീവ്ര വലത് ഡച്ച് പാര്‍ലമെന്റ് അംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th June 2022, 5:42 pm

ന്യൂദല്‍ഹി: പ്രവാചകനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ നുപുര്‍ ശര്‍മയെ അനുകൂലിച്ച് രംഗത്തെത്തിയതിന് പിന്നാലെ മുസ്‌ലിങ്ങളില്‍ നിന്ന് വധഭീഷണി നേരിടുന്നതായി തീവ്ര വലതുപക്ഷ നേതാവും ഡച്ച് പ്രതിനിധി സഭാംഗവുമായ ഗീര്‍ട്ട് വില്‍ഡേഴ്‌സ്.

‘പ്രവാചകന്റെ ജീവിതത്തിലെ വസ്തുത തുറന്നു പറഞ്ഞ നുപുര്‍ ശര്‍മയെ പിന്തുണച്ചതിന് നിരവധി മുസ്‌ലിങ്ങളില്‍ നിന്ന് വധഭീഷണി ലഭിക്കുകയാണ്,’ ഗീര്‍ട്ട് വില്‍ഡേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു.

‘പ്രവാചകനെയും ഭാര്യയെയും കുറിച്ച് നുപുര്‍ ശര്‍മ പറഞ്ഞത് വാസ്തവം മാത്രമാണ്. ഇതില്‍ അറബ് രാജ്യങ്ങള്‍ നുപുര്‍ ശര്‍മയ്‌ക്കെതിരെ രോഷം പ്രകടിപ്പിക്കുന്നത് വിഡ്ഢിത്തരമാണ്. വസ്തുത പറഞ്ഞതിന് എന്തിനാണ് ഇന്ത്യ മാപ്പ് പറയുന്നത്,’ ഗീര്‍ട്ട് വില്‍ഡേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് വില്‍ഡേഴ്‌സ് നുപുര്‍ ശര്‍മയെ അനുകൂലിച്ച് രംഗത്തെത്തിയത്. വിവിധ ലോകരാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നും കനത്ത വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് നുപുര്‍ ശര്‍മയെ അനുകൂലിച്ച് വില്‍ഡേഴ്‌സ് രംഗത്തെത്തിയത്.

അല്‍ഖ്വായിദയെ പോലെയുള്ള ഭീകരസംഘടനകള്‍ക്ക് ഒരിക്കലും വഴങ്ങരുതെന്നും ഇന്ത്യ മുഴുവന്‍ ഒറ്റക്കെട്ടായി നിന്ന് നുപുര്‍ ശര്‍മയ്ക്ക് സംരക്ഷണം ഒരുക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.

‘അല്‍ഖ്വായിദയും താലിബാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നെ അവരുടെ ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒരിക്കലും തീവ്രവാദികള്‍ക്കുവേണ്ടി തലകുനിക്കരുത്,’ വില്‍ഡേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു.

നെതര്‍ലന്‍ഡ്‌സിലുള്ള തീവ്ര വലതുപക്ഷ സംഘടനയായ ഫ്രീഡം പാര്‍ട്ടിയുടെ നേതാവാണ് ഗീര്‍ട്ട് വില്‍ഡേഴ്‌സ്. മുന്‍പും പലതവണ ഇസ്‌ലാം വിരുദ്ധ പ്രഖ്യാപനങ്ങളുമായി ഫ്രീഡം പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: Dutch lawmaker says he is facing death threats from muslims for supporting nupur sharma