ആംസ്റ്റർഡാം: നെതർലാൻഡ്‌സിൽ ഭരണഘടനാവിരുദ്ധമെന്ന് വിമർശിക്കപ്പെട്ട മുസ്‌ലിം വിരുദ്ധ ബില്ലുകൾ ഉപേക്ഷിച്ച് പി.വി.വി പാർട്ടി നേതാവ് ഗീർട്ട് വിൽഡേഴ്‌സ്.
2018ലാണ് ‘ഇസ്‌ലാമികമായ എല്ലാം’ നിരോധിക്കുന്ന ബില്ലുകൾ നിർദേശിക്കപ്പെട്ടത്. ഇസ്‌ലാം മതത്തെ ഹിംസാത്മകമായ പ്രത്യയശാസ്ത്രമെന്ന് മുദ്രകുത്തുന്ന ബില്ലുകൾ പള്ളികളും ഖുർആനും മദ്രസകളും ശിരോവസ്ത്രം ധരിക്കുന്നതും വിലക്കിയിരുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടി ഫോർ ഫ്രീഡം എന്ന പി.വി.വി പാർട്ടി സഖ്യ സർക്കാർ രൂപീകരിക്കുവാൻ ചർച്ചകൾ തുടരുന്നതിനിടയിലാണ് ബില്ലുകൾ ഉപേക്ഷിച്ചത്.
ഭരണഘടനയിൽ അധിഷ്ഠിതമായ ജനാധിപത്യ രാഷ്ട്രത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണ് ബില്ലുകളെന്നും ഇത് ഉപേക്ഷിക്കണമെന്നും 2019ൽ വിൽഡേഴ്‌സിനോട് കൗൺസിൽ ഓഫ് സ്റ്റേറ്റ് ആവശ്യപ്പെട്ടിരുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ തന്റെ മുസ്‌ലിം വിരുദ്ധ നിലപാടിൽ അയവുണ്ടാകില്ല എന്നായിരുന്നു വിൽഡേഴ്‌സ് പറഞ്ഞത്.
‘ ചിലപ്പോൾ എനിക്ക് ബില്ലുകൾ പിൻവലിക്കേണ്ടി വരും, അപ്പോൾ ഞാൻ അത് ചെയ്യും. ഞങ്ങൾ ഭരണഘടനയിലെ നിയമങ്ങൾക്ക് വിധേയമായി ബില്ലുകൾ കൊണ്ടുവരുമെന്ന് നെതർലാൻസിനെയും പാർലമെന്റിനെയും ഓംസിറ്റിന്റെ പാർട്ടിയേയും കാണിക്കുവാൻ,’ വിൽഡേഴ്സ് പറഞ്ഞു.
പ്രതിച്ഛായ മെച്ചപ്പെടുത്തുവാൻ മുമ്പും തന്റെ മുസ്‌ലിം വിരുദ്ധ നിലപാട് മയപ്പെടുത്തി സമാനമായ പരാമർശങ്ങൾ വിൽഡേഴ്സ് നടത്തിയിരുന്നു.
ന്യൂ സോഷ്യൽ കോൺട്രാക്ട് പാർട്ടിയുടെ ഓംസിറ്റ്, വിൽഡേഴ്സിന്റെ മുസ്ലിം വിരുദ്ധത ഡച്ച് ഭരണഘടനയുടെ ലംഘനമാണെന്ന് ആശങ്ക ഉന്നയിച്ചിരുന്നു. എന്നാൽ പി.വി.വിയുമായി ചേർന്ന് സഖ്യ സർക്കാർ രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ ഓംസിറ്റ് തള്ളിക്കളഞ്ഞിട്ടില്ല.
പാർലമെന്റിൽ 150 സീറ്റുകളിൽ 37 സീറ്റുകൾ നേടിയ പി.വി.വിക്ക് 39 സീറ്റുകൾ കൂടി നേടിയാലേ കേവല ഭൂരിപക്ഷം ലഭിക്കൂ.
തെരഞ്ഞെടുപ്പിൽ സീറ്റുകൾ നേടിയ 15 പാർട്ടികളിൽ ഏഴ് സീറ്റുകൾ നേടിയ ബി.ബി.ബി മാത്രമേ പി.വി.വിക്കൊപ്പം ചേരാൻ സന്നദ്ധത അറിയിച്ചിട്ടുള്ളൂ.
യൂറോപ്യൻ യൂണിയൻ വിടുന്നത് സംബന്ധിച്ച റഫറന്റവും കുടിയേറ്റം ഇല്ലാതാക്കുന്നതുമാണ് പ്രധാനമായും പി.വി.വി തെരഞ്ഞെടുപ്പ് ആയുധങ്ങളാക്കിയത്.
Content Highlight: Dutch election winner walks back Muslim ban