ന്യൂദൽഹി: ദൽഹി സർവകലാശാലയിലെ എ.ബി.വി.പി യുടെ വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ട് ബിരുദ പ്രവേശനം നേടിയത് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്. ദൽഹി സർവകലാശാലയിലെ എ.ബി.വി.പി നേതാവ് തുഷാർ ദേധയാണ് വ്യാജ പ്ലസ് ടു സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രവേശനം നേടിയത്.
രണ്ട് പ്ലസ് ടു സർട്ടിഫിക്കറ്റുകളാണ് ഇയാൾ പ്രവേശനത്തിന് നൽകിയത്. സി.ബി.എസ്.സി സർട്ടിഫിക്കറ്റിന് പുറമെ യു.പി സർക്കാരിന്റെ മാധ്യമ ശിക്ഷാ പരിഷത്തിന്റെയും പന്ത്രണ്ടാം ക്ലാസ് സർട്ടിഫിക്കറ്റ് ഇയാൾ നൽകുകയായിരുന്നു.
ഒരേ വർഷം സി.ബി.എസ്.സി ആർട്സ് വിഭാഗത്തിലും റെഗുലർ വിദ്യാർത്ഥിയായി സംസ്ഥാന ബോർഡിന്റെ സയൻസ് സ്ട്രീം പൂർത്തിയാക്കിയതിന്റെ രേഖകളാണ് ഇയാൾ നൽകിയത്. രണ്ടു സർട്ടിഫിക്കറ്റുകളും അസാധുവാകുമെന്നിരിക്കെയാണ് ഇയാൾ പ്രവേശനം നേടിയത്.
സമാന്തരമായി പ്ലസ്ടു വിനു രണ്ടു കോഴ്സ് പഠിക്കുന്നത് ചട്ട വിരുദ്ധമാണ്. ചട്ടം ലംഘിച്ച് പ്രവേശനം നേടിയ ഇയാളുടെ വിദ്യാർത്ഥി യൂണിയൻ പദവി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്.ഫ്.ഐ രംഗത്ത് വന്നു.
ഇതാദ്യമായല്ല ദൽഹി യൂണിവേഴ്സിറ്റിയിൽ ഇത്തരത്തിലൊരു തട്ടിപ്പിന്റെ വാർത്ത പുറത്തു വരുന്നത്. 2018ൽ അന്നത്തെ ഡി.യു പ്രസിഡണ്ട് അങ്കിവ് ബെസോയ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രവേശനം നേടിയതിന്റെ രേഖകൾ പുറത്തു വന്നിരുന്നു.