കനത്ത മഴയും ഇടിമിന്നലും: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല്‍പതോളം മരണം
Dust Storm
കനത്ത മഴയും ഇടിമിന്നലും: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല്‍പതോളം മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th May 2018, 11:59 pm

ന്യൂദല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും നാല്‍പതോളം പേര്‍ മരിച്ചു. യു.പിയില്‍ ശക്തമായ മഴയിലും പൊടിക്കാറ്റിലും 17 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായി കനത്ത മഴയില്‍ എട്ടും മൂന്നും പേര്‍ മരിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് ബംഗാളില്‍ ഒന്‍പത് പേരും ദല്‍ഹിയില്‍ അഞ്ച് പേരും കനത്ത കാറ്റില്‍ മരിച്ചു.

ഉത്തരേന്ത്യയില്‍ അടുത്ത 72 മണിക്കൂര്‍ കൂടെ കാലാവസ്ഥ മോശമായി തുടരാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് വൈകുന്നേരത്തോടെയുണ്ടായ ശക്തമായ പൊടിക്കാറ്റിലും ദല്‍ഹിയില്‍ വിമാന സര്‍വീസ് ഉള്‍പ്പടെയുള്ള ഗതാഗതം താറുമാറായി.

റണ്‍വേയില്‍ പൊടിക്കാറ്റ് കാഴ്ച തടസപ്പെടുത്തിയതിനാല്‍ ദല്‍ഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തി വച്ചിരിക്കുകയാണ്. നാല്‍പതോളം വിമാനങ്ങള്‍ തിരിച്ചു വിട്ടു. ഡല്‍ഹി മെട്രോ സര്‍വീസും നിര്‍ത്തി വച്ചെങ്കിലും രാത്രിയോടെ പുനഃസ്ഥാപിച്ചു.

189 മരങ്ങള്‍ ദല്‍ഹിയില്‍ കടപുഴകിയതായാണ് റിപ്പോര്‍ട്ട്. ഗതാഗതം പുനസ്ഥാപിക്കാന്‍ സമയമെടുക്കുമെന്നാണ് കരുതുന്നത്. പ്രധന പാതകളില്‍ വീണ 25 മരങ്ങള്‍ ഇനിയും നീക്കാനായിട്ടില്ലെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. വീടുകളുടെ ഭിത്തി ഇടിഞ്ഞ് വീണതായും റിപ്പോര്‍ട്ടുകളുണ്ട്.

കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.