| Friday, 14th September 2018, 11:26 am

മല്യ രാജ്യം വിടുന്നത് തടയാന്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന തന്റെ നിര്‍ദേശം എസ്.ബി.ഐ നിരാകരിച്ചു; ഗുരുതര ആരോപണങ്ങളുമായി ദുഷ്യന്ത് ദവെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വായ്പാ തട്ടിപ്പു കേസില്‍ വിജയ് മല്യ രാജ്യം വിടുന്നത് തടയാന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നിയമോപദേശം ലഭിച്ചിട്ടും ബാങ്ക് അത് ചെവിക്കൊണ്ടില്ലെന്ന് റിപ്പോര്‍ട്ട്. മല്യ നാടുവിടുന്നതിന് നാലുദിവസം മുമ്പാണ് എസ്.ബി.ഐയ്ക്ക് ഇത്തരമൊരു നിയമോപദേശം ലഭിച്ചത്.

2016 ഫെബ്രുവരി 28 ഞായറാഴ്ച എസ്.ബി.ഐ മാനേജ്‌മെന്റിലെ ഉന്നതനുമായി നടത്തിയ യോഗത്തിലാണ് താന്‍ ഇത്തരമൊരു നിയമോപദേശം നല്‍കിയതെന്ന് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. മല്യ ഇന്ത്യ വിടുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇതെന്നും അദ്ദേഹം പറയുന്നു.

“മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് ഒരു ഉത്തരവ് നേടാന്‍ 2016 ഫെബ്രുവരി 29ന് സുപ്രീം കോടതിയെ സമീപിക്കാന്‍ എസ്.ബി.ഐയ്ക്ക് നിര്‍ദേശം നല്‍കി. ഈ യോഗത്തെക്കുറിച്ചും യോഗത്തില്‍ നല്‍കിയ നിയമോപദേശത്തെക്കുറിച്ചും എസ്.ബി.ഐ ചെയര്‍പേഴ്‌സണും സര്‍ക്കാറിലെ മറ്റ് ഉന്നതര്‍ക്കും അറിയാം. എന്നിട്ടും അതിന്മേല്‍ യാതൊരു നടപടിയുമുണ്ടായില്ല.” എന്നും അദ്ദേഹം പറയുന്നു.

Also Read:കുതിരക്കച്ചവടത്തിന് ശ്രമിച്ചാല്‍ ബി.ജെ.പിക്ക് പണികിട്ടും; ഏഴ് ബി.ജെ.പി എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമെന്ന് കോണ്‍ഗ്രസ്

എസ്.ബി.ഐയിലെ നാല് ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ബാങ്കിന്റെ നിയമോപദേഷ്ടാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ” മല്യ രാജ്യം വിടുന്നത് തടഞ്ഞുകൊണ്ട് ഒരു ഉത്തരവ് നേടുന്നതിന് തിങ്കളാഴ്ച രാവിലെ കാണാമെന്ന് സമ്മതിച്ചിരുന്നു. പിറ്റേന്ന് രാവിലെ 10 മണിക്ക് കാണാമെന്ന് സമ്മതിച്ചാണ് പിരിഞ്ഞത്. എന്നാല്‍ എസ്.ബി.ഐ ഉദ്യോഗസ്ഥര്‍ വന്നില്ല.” ദവെ പറയുന്നു.

കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് നല്‍കിയ ലോണ്‍ തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ എസ്.ബി.ഐയുടെയോ ജീവനക്കാരുടെയോ ഭാഗത്തുനിന്നും ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്നാണ് ബാങ്കിന്റെ ഇന്ത്യ വക്താവ് അവകാശപ്പെട്ടത്. പണം തിരിച്ചുപിടിക്കുന്നതിനായുള്ള ശക്തമായ നടപടികള്‍ ബാങ്ക് സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

We use cookies to give you the best possible experience. Learn more