| Friday, 25th October 2019, 8:10 pm

'പിന്തുണ 75% യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്നവര്‍ക്ക് മാത്രം, ജയിപ്പിച്ചതവരാണ്'; നിലപാട് വ്യക്തമാക്കി ജെ.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വോട്ടെണ്ണലിന് പിന്നാലെ മൂന്നാം രാഷ്ട്രീയ കക്ഷിയായി ഉയര്‍ന്നുവന്ന ജെ.ജെ.പിയുടെ പിന്തുണ ആര്‍ക്ക് എന്ന ചോദ്യമാണ് ഹരിയാന രാഷ്ട്രീയത്തെ മുള്‍മുനയില്‍നിര്‍ത്തുന്നത്. ജെ.ജെ.പിക്കുവേണ്ടി കോണ്‍ഗ്രസും ബി.ജെ.പിയും ചരടുവലികള്‍ നടത്തുകയാണ്.

എന്നാല്‍, ഏത് പാര്‍ട്ടിയാണോ സംസ്ഥാനത്തെ 75 ശതമാനം യുവാക്കള്‍ക്കും തൊഴിലുറപ്പിക്കുക, അവര്‍ക്കാണ് പിന്തുണയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജെ.ജെ.പിയുടെ ദുഷ്യന്ത് ചൗതാല. പ്രാദേശിക തലത്തിലെ യുവാക്കള്‍ക്ക് സ്വകാര്യ മേഖലയിലടക്കം ജോലി നല്‍കണമെന്നാണ് ജെ.ജെ.പി മുന്നോട്ടുവെക്കുന്ന ആവശ്യം. കോണ്‍ഗ്രസുമായോ ബി.ജെ.പിയുമായോ ഇതുവരെ സഖ്യത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ദുഷ്യന്ത് വ്യക്തമാക്കി.

‘ഞങ്ങള്‍ക്ക് കിട്ടിയ വോട്ടില്‍ 56 ശതമാനവും യുവാക്കളുടെതാണ്. ഹരിയാനയില്‍ 75 ശതമാനം യുവാക്കള്‍ക്കും സ്വകാര്യ മേഖലയിലടക്കം ജോലി ഉറപ്പാക്കാമെന്ന് ഏത് പാര്‍ട്ടി സമ്മതിക്കുന്നുവോ ഞങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കും. ഇത് ഞങ്ങള്‍ തുറന്നുപറയുകയാണ്’, ദുഷ്യന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് പിന്നാലെ ഹരിയാനയില്‍ കിങ്മേക്കറായി ഉയര്‍ന്നുവന്ന ജെ.ജെ.പി, തങ്ങളുടെ രാഷ്ട്രീയത്തെ ബഹുമാനിക്കുന്നവരെ പിന്തുണയ്ക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അതേസമയം, ജെ.ജെ.പി പിന്തുണയ്ക്കുക ബി.ജെ.പിയെയാകുമെന്നും പ്രഖ്യാപനം രാത്രിയുണ്ടാകുമെന്നും ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ മറുപക്ഷത്ത് ചരടുവലികള്‍ മുറുക്കി കോണ്‍ഗ്രസും സജീവമാണ്. ജെ.ജെ.പിയെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം.

ഭൂപീന്ദര്‍ ഹൂഡയുമായും മറ്റ് എം.എല്‍.എമാരുമായും കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം ജെ.ജെ.പി ക്യാമ്പില്‍ തന്നെ കോണ്‍ഗ്രസുമായി സഖ്യം വേണമെന്നും ബി.ജെ.പിയുമായി സഖ്യം വേണമെന്നുമുള്ള രണ്ടഭിപ്രായങ്ങള്‍ നേതാക്കള്‍ക്കിടയില്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

ഹരിയാനയില്‍ ബി.ജെ.പി 40 സീറ്റുകളിലും കോണ്‍ഗ്രസ് 31 സീറ്റുകളിലുമാണ് വിജയിച്ചത്.

പ്രതീക്ഷ കൈവിട്ടില്ലെന്നും സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more