| Monday, 30th September 2024, 8:27 am

എനിക്ക് ചെയറ് കിട്ടുന്നതുവരെ ഇരിക്കാതെ കാത്തുനിന്നു; ആ സൂപ്പര്‍സ്റ്റാറിന് അതിന്റെ ആവശ്യമില്ലായിരുന്നു: ദുഷാര വിജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രജിനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് വേട്ടയ്യന്‍. ജയിലര്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ സിനിമക്ക് ശേഷം റിലീസ് ചെയ്യാന്‍ പോകുന്ന രജിനികാന്ത് ചിത്രമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. വേട്ടയ്യനില്‍ ദുഷാര വിജയനും അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ രജിനികാന്തിനെ കുറിച്ച് പറയുകയാണ് നടി. ലിറ്റില്‍ ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുഷാര.

‘രജിനി സാര്‍ വളരെ ഡിസിപ്ലിനുള്ള വ്യക്തിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സൂപ്പര്‍ സ്റ്റാറാണെങ്കില്‍ പോലും വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. എനിക്ക് രജിനി സാറിനെ കുറിച്ച് പറയാന്‍ മാത്രമുള്ള പ്രായം ആയിട്ടുണ്ടോയെന്ന് അറിയില്ല.

അദ്ദേഹത്തിന് ചുറ്റും എല്ലാ കാര്യങ്ങളുമുണ്ട്. അതുകൊണ്ട് ഞാന്‍ മോണിറ്ററിന് അടുത്തേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന് എഴുന്നേറ്റ് നിന്ന് ‘വാ ഇരിക്കു’ എന്ന് പറയേണ്ട ആവശ്യമില്ല. പലപ്പോഴും എനിക്ക് ചെയറ് കിട്ടുന്നത് വരെ അദ്ദേഹം ഇരിക്കാതെ കാത്തു നില്‍ക്കാറുണ്ട്.

എന്നെ അദ്ദേഹത്തിന്റെ അടുത്താണ് ഇരുത്തുക. ഞാനാണെങ്കില്‍ അദ്ദേഹത്തിന്റെ അടുത്ത് മര്യാദയ്ക്ക് ഇരിക്കില്ല. കാരണം സാറിന്റെ മുന്നില്‍ അങ്ങനെ ഇരിക്കാന്‍ ഞാന്‍ ഏറെ അണ്‍കംഫേര്‍ട്ടബിളാണ്. അദ്ദേഹത്തോടുള്ള ഭയം കൊണ്ടല്ല, പകരം മര്യാദ കൊണ്ടാണ്.

അദ്ദേഹം സെറ്റില്‍ വെറുതെ ഇരിക്കുകയാണെങ്കിലും വളരെ സ്റ്റൈലായിട്ടാണ് ഇരിക്കുക. അത് കാണാന്‍ തന്നെ വളരെ ഭംഗിയാണ്. ഞാന്‍ മാത്രമല്ല എന്റെയടുത്ത് ഒരു ഇരുപത് പേര് അദ്ദേഹത്തിന്റെ ആ ഇരുത്തം കാണാനുണ്ടാകും. അത് എങ്ങനെയുള്ള ഫീലാണെന്ന് എനിക്ക് പറയാന്‍ അറിയില്ല,’ ദുഷാര വിജയന്‍ പറഞ്ഞു.

സൂര്യയുടെ ജയ് ഭീമിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടെയാണ് വേട്ടയ്യന്‍. സിനിമയില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമിതാഭ് ബച്ചനും രജിനികാന്തും ഒന്നിച്ച് അഭിനയിക്കുന്നത്. അദ്ദേഹത്തിന് പുറമെ ഫഹദ് ഫാസില്‍, മഞ്ജുവാര്യര്‍, റാണാ ദഗുബട്ടി, റിതിക സിങ് തുടങ്ങിയവരും വേട്ടയ്യനില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.


Content Highlight: Dushara Vijayan Talks About Rajinikanth

We use cookies to give you the best possible experience. Learn more