| Tuesday, 1st October 2024, 1:54 pm

രജിനി സാറിന്റെ ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രം അത്രയും സ്‌റ്റൈലില്‍ ചെയ്യാന്‍ ആ നടിക്ക് മാത്രമേ കഴിയു: ദുഷാര വിജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടിമാരില്‍ ഒരാളാണ് ദുഷാരാ വിജയന്‍. ബോധൈ ഏറി ബുദ്ധി മാറി എന്ന ചിത്രത്തിലൂടെ അഭിനയജീവിതം ആരംഭിച്ച ദുഷാര പാ. രഞ്ജിത് സംവിധാനം ചെയ്ത സര്‍പ്പട്ട പരമ്പരൈ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയാവുന്നത്. പിന്നീട് നച്ചത്തിരം നഗര്‍ഗിരത്, അനീതി എന്നീ ചിത്രങ്ങളിലൂടെ മുന്‍നിരയിലേക്കെത്തി. രജിനികാന്ത് നായകനാകുന്ന വേട്ടയ്യനിലും ദുഷാര പ്രധാന വേഷത്തിലെത്തുന്നുണ്ട്.

രജിനികാന്തിന്റെ വലിയ ഫാനായ ദുഷാര വിജയന്‍, തനിക്ക് ചെയ്യാന്‍ താത്പര്യമുള്ള രജിനികാന്ത് സിനിമയിലെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ്. പടയപ്പ സിനിമയില്‍ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം ചെയ്യാനാണ് തനിക്ക് ആഗ്രഹമെന്ന് അവര്‍ പറയുന്നു.

തന്റെ ഫേവറിറ്റ് സിനിമയാണ് പടയപ്പയെന്നും അതില്‍ നീലാംബരിയായി രമ്യ കൃഷ്ണ മികച്ച പ്രകടനമാണ് നടത്തിയതെന്നും തുഷാര പറയുന്നു. പടയപ്പയില്‍ രമ്യ കൃഷ്ണ ഊഞ്ഞാലില്‍ ഇരിക്കുന്ന സീനാണ് തന്റെ ഫേവറിറ്റ് സീനെന്നും അങ്ങനെയൊരു നെഗറ്റീവ് കഥാപാത്രം അത്രയും സ്‌റ്റൈലില്‍ ചെയ്ത് ഫലിപ്പിക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും ദുഷാര കൂട്ടിച്ചേര്‍ത്തു.

രമ്യ കൃഷ്ണ അത്രയും നന്നായി ആ കഥാപാത്രം ചെയ്യുന്നതില്‍ രജിനികാന്തിന്റെ ഇന്‍ഫ്‌ലുവെന്‍സും ഉണ്ടാകുമെന്നും അദ്ദേഹം വന്നിരിക്കുന്ന സ്ഥലത്തെല്ലാം പ്രത്യേക എനര്‍ജി ഉണ്ടാകുമെന്നും ദുഷാര പറയുന്നു. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുഷാര.

‘എനിക്ക് ചെയ്യാന്‍ താത്പര്യമുള്ള കഥാപാത്രം പടയപ്പയിലെ നീലാംബരിയാണ്. പടയപ്പയാണ് എന്റെ ഫേവറിറ്റ് സിനിമ. ആ സിനിമയിലെ ഊഞ്ഞാലില്‍ രമ്യ കൃഷ്ണ ഇരിക്കുന്ന സീനെല്ലാം ഉണ്ടല്ലോ അതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അടിപൊളി അഭിനേത്രിയാണ് അവര്‍.

അങ്ങനെ ഒരു നെഗറ്റീവ് കഥാപാത്രം അത്രയും സ്‌റ്റൈലില്‍ ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചത് രമ്യ കൃഷ്ണയാണ്. അങ്ങനെ അവര്‍ ചെയ്യുന്നതില്‍ തലൈവര്‍ രജനി സാറിന്റെ ഇന്‍ഫ്‌ലുവെന്‍സും ഉണ്ടെന്ന് തോന്നുന്നു. അദ്ദേഹം ഉണ്ടെങ്കില്‍ തന്നെ ആ സ്ഥലത്തിന് ഒരു എനര്‍ജി കിട്ടും. എനിക്ക് എപ്പോഴെങ്കിലും നീലാംബരി ആയാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്,’ ദുഷാര വിജയന്‍ പറയുന്നു.

Content Highlight: Dushara Vijayan Talks About Padayappa Movie  And Ramya Krishnan’s Performance

We use cookies to give you the best possible experience. Learn more