ഈ ലോകകപ്പിന്റെ ക്യാച്ചാകാനുള്ള ആദ്യ നോമിനേഷന്‍ ശ്രീലങ്ക വക; സൂപ്പര്‍മാനായി പകരക്കാരന്‍; വീഡിയോ
icc world cup
ഈ ലോകകപ്പിന്റെ ക്യാച്ചാകാനുള്ള ആദ്യ നോമിനേഷന്‍ ശ്രീലങ്ക വക; സൂപ്പര്‍മാനായി പകരക്കാരന്‍; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th October 2023, 10:16 pm

ഐ.സി.സി വേള്‍ഡ് കപ്പിലെ എട്ടാം മത്സരത്തില്‍ പാകിസ്ഥാന്‍ വിജയത്തോട് അടുക്കുകയാണ്. ശ്രീലങ്ക ഉയര്‍ത്തിയ 345 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് പാകിസ്ഥാന്‍ അടിവെച്ച് അടുക്കുകയാണ്.

ക്യാപ്റ്റന്‍ ബാബര്‍ അസവും ഇമാം ഉള്‍ ഹഖും പരാജയമായ മത്സരത്തില്‍ ഓപ്പണര്‍ അബ്ദുള്ള ഷഫീഖിന്റെയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്റെയും കൂട്ടുകെട്ടാണ് പാകിസ്ഥാന് നിര്‍ണായകമായത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 176 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

 

 

103 പന്തില്‍ 113 റണ്‍സ് നേടിയ അബ്ദുള്ള ഷഫീഖിനെ പുറത്താക്കി മതീശ പതിരാനയാണ് ശ്രീലങ്കക്ക് ബ്രേക് ത്രൂ നല്‍കിയത്. 33ാം ഓവറിലെ ആദ്യ പന്തിലാണ് ഷഫീഖ് പുറത്തായത്. വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസിന് പരിക്കേറ്റതോടെ പകരക്കാരനായി എത്തിയ ഫീല്‍ഡര്‍ക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ഡീപ് പോയിന്റിലേക്ക് പതിരാനയെ കട്ട് ചെയ്ത് ബൗണ്ടറി കണ്ടെത്താനായിരുന്നു ഷഫീഖിന്റെ ശ്രമം. എന്നാല്‍ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി കളത്തിലെത്തിയ ദുഷാന്‍ ഹേമന്ത അവിശ്വസനീയമായി അത് കൈപ്പിടിയിലൊതുക്കുകയായിരുന്നു.

കണ്ണടച്ചുതുറക്കും മുമ്പേ ആക്രോബാക്ടിക് സ്‌കില്ലിലൂടെ ഹേമന്ത പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ക്യാച്ചിനൊപ്പം ക്യാച്ചിന് ശേഷമുള്ള താരത്തിന്റെ വിക്കറ്റ് സെലിബ്രേഷനും ആരാധകര്‍ ആഘോഷമാക്കുന്നുണ്ട്.

 

അതേസമയം, മുഹമ്മദ് റിസ്വാന്റെ സെഞ്ച്വറി കരുത്തില്‍ പാകിസ്ഥാന്‍ 300 കടന്നിരിക്കുകയാണ്. നിലവില്‍ 44 ഓവറില്‍ 306 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് പാകിസ്ഥാന്‍.

107 പന്തില്‍ 116 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനും 28 പന്തില്‍ റണ്‍സ് നേടിയ സൗദ് ഷക്കീലുമാണ് പാകിസ്ഥാനായി ക്രീസില്‍.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക കുശാല്‍ മെന്‍ഡിസിന്റെയും സധീര സമരവിക്രമയുടെയും സെഞ്ച്വറി കരുത്തിലാണ് കൂറ്റന്‍ സ്‌കോറിലേക്കുയര്‍ന്നത്. മെന്‍ഡിസ് 77 പന്തില്‍ 122 റണ്‍സ് നേടിയപ്പോള്‍ 89 പന്തില്‍ നിന്നും 108 റണ്‍സാണ് സമരവിക്രമയുടെ സമ്പാദ്യം.

61 പന്തില്‍ 51 റണ്‍സ് നേടിയ ഓപ്പണര്‍ പാതും നിസംഗയും സ്‌കോറിങ്ങില്‍ നിര്‍ണായക പങ്കുവഹിച്ചു.

പാകിസ്ഥാനായി ഹസന്‍ അലി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹാരിസ് റൗഫ് രണ്ട് വിക്കറ്റും സ്വന്തമാക്കി. ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ ഷാ അഫ്രിദി എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

 

Content highlight: Dushan Hemantha’s brilliant catch to dismiss Abdullah Shafique