ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ ബാലചന്ദ്രകുമാറിനെ വിളിപ്പിച്ച് അന്വേഷണ സംഘം; ഒപ്പമിരുത്തി ചോദ്യം ചെയ്യാന്‍ സാധ്യത
Kerala News
ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ ബാലചന്ദ്രകുമാറിനെ വിളിപ്പിച്ച് അന്വേഷണ സംഘം; ഒപ്പമിരുത്തി ചോദ്യം ചെയ്യാന്‍ സാധ്യത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th March 2022, 2:52 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ ബാലചന്ദ്രകുമാറിനെ വിളിപ്പിച്ച് അന്വേഷണ സംഘം. ദിലീപിനെ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് സാധ്യത.

ബാലചന്ദ്രകുമാര്‍ ദിലീപിനെ ചോദ്യം ചെയ്യുന്ന ആലുവ പൊലീസ് ക്ലബ്ബില്‍ ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെയും, വധഗൂഢാലോചനാ കേസില്‍ സുഹൃത്ത് ശരത്തിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നത്.

ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തുമ്പോള്‍ ശരത്ത് ഒപ്പം ഉണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശരത്തിനെ ചോദ്യം ചെയ്യുന്നത്.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്‍കിയത് ശരത്താണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ രണ്ടാം ദിവസമാണ് ചോദ്യം ചെയ്യുന്നത്. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ ദിലീപ് നിഷേധിച്ചിരുന്നു.

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് കോടതി ജാമ്യം നിഷേധിച്ചു. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളിയത്.

വിചാരണ അനന്തമായി നീണ്ടുപോകുന്നതായും വര്‍ഷങ്ങളായി താന്‍ ജയിലില്ലാണെന്നും ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

ജയിലില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതായും പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ പറയുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തിയാണ് കോടതി അപേക്ഷ തള്ളിയത്.

നിലയില്‍ കേസിന്റെ വിചാരണ നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നത് കേസിന്റെ വിചാരണയെ ബാധിച്ചേക്കാമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് കണക്കിലെടുത്താണ് ഹൈക്കോടതി നടപടി.

Content Highlights: During the interrogation of Dileep, the investigation team summoned Balachandra Kumar