'പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്, എനിക്ക് വല്ലാത്ത ദേഷ്യം വന്നു; എന്നാല്‍ എല്ലാം തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു'
Sports News
'പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്, എനിക്ക് വല്ലാത്ത ദേഷ്യം വന്നു; എന്നാല്‍ എല്ലാം തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു'
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 22nd October 2024, 4:45 pm

2022 ഫിഫ ലോകകപ്പിലെ അര്‍ജന്റീന- പോളണ്ട് മത്സരത്തിനിടെ പോളിഷ് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ മെസി മനപ്പൂര്‍വം അകറ്റിനിര്‍ത്തിയിരുന്നു. 2021ല്‍ ലെവന്‍ഡോസ്‌കി ‘നടത്തിയ’ ഒരു പരാമര്‍ശത്തിന് പിന്നാലെയായിരുന്നു ഈ സംഭവങ്ങളെല്ലാം നടന്നത്. എന്നാല്‍ മത്സര ശേഷം ഇരുവരും പരസ്പരം സംസാരിച്ച് സംഭവിച്ച തെറ്റിദ്ധാരണകള്‍ തിരുത്തുകയും ചെയ്തിരുന്നു.

2020ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലെവന്‍ഡോസ്‌കിക്ക് നല്‍കുന്നതിനായി ഫ്രാന്‍സ് ഫുട്‌ബോള്‍ മെസിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇതിനായി മെസി ‘ആത്മാര്‍ത്ഥമായല്ല അവിടെയത്തുന്നത്’ എന്ന തരത്തില്‍ ലെവ പ്രസ്താവന നടത്തിയിരുന്നു. ഇത് മെസിയെ അസ്വസ്ഥമാക്കിയിരുന്നു.

‘2021ലെ ലെവന്‍ഡോസ്‌കിയുടെ പ്രസ്താവന എന്ന വല്ലാതെ അസ്വസ്ഥനാക്കി. കാരണം ഞാന്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയപ്പോള്‍ എനിക്ക് മനസില്‍ തോന്നിയ കാര്യങ്ങളെ കുറിച്ചാണ് ഞാന്‍ അപ്പോള്‍ പറഞ്ഞത്.

മത്സരത്തിനിടെ ഞാന്‍ അവനെ മനപ്പൂര്‍വം ഒഴിവാക്കിയിരുന്നു. കാരണം അത് ലെവന്‍ഡോസ്‌കിയായിരുന്നു എന്നത് തന്നെ. ഞാനപ്പോള്‍ വല്ലാത്ത ദേഷ്യത്തിലായിരുന്നു, ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് അവന്‍ പറഞ്ഞതെന്നാണ് എനിക്ക് തോന്നിയത്. ഞാന്‍ വല്ലാത്ത ദേഷ്യത്തിലായിരുന്നു.

അവനായതുകൊണ്ട് മാത്രം ഞാന്‍ മനപ്പൂര്‍വം ഡ്രിബിള്‍ ചെയ്യുകയായിരുന്നു എന്നോ? അതെ. അങ്ങനെ തന്നെയാണത്. മത്സര ശേഷം ഞങ്ങള്‍ കണ്ട് സംസാരിച്ചു. തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്ന് രണ്ട് പേര്‍ക്കും മനസിലായി.

അവനും ഏറെ അസ്വസ്ഥനായിരുന്നു. കാരണം അവന്‍ പറഞ്ഞ കാര്യങ്ങളല്ല റിപ്പോര്‍ട്ട് ചെയ്തത്. ശേഷം അവന്‍ ബാഴ്‌സയിലേക്ക് പോയി. അവിടെ വെച്ച് ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. ക്ലബ്ബിനെ കുറിച്ചും, ആ സിറ്റിയെ കുറിച്ചുമെല്ലാം ഞങ്ങള്‍ സംസാരിച്ചിരുന്നു,’ മെസി പറഞ്ഞു.

ഈ സംഭവത്തെ കുറിച്ച് ലെവന്‍ഡോസ്‌കിയും പിന്നീട് സംസാരിച്ചിരുന്നു.

‘ഒരു പോളിഷ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ഞാന്‍ നടത്തിയ പ്രസ്താവനകളാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. ലയണല്‍ മെസിയുടെ വാക്കുകള്‍ ആത്മാര്‍ത്ഥമോ സത്യസന്ധമോ അല്ലെന്ന് പറയാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.

എന്നാല്‍, പാരീസില്‍ നടന്ന പരിപാടിയില്‍ 2020 ബാലണ്‍ ഡി ഓറിന് ഞാന്‍ അര്‍ഹനാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു, ആഴത്തില്‍ സ്പര്‍ശിച്ചു. മെസിയുടെ വാക്കുകള്‍ പ്രവൃത്തിയിലേക്ക് വരികയാണെങ്കില്‍ ഞാന്‍ ഏറെ സന്തോഷവാനായിരിക്കുമെന്ന് പറയാനാണ് ഞാന്‍ ആഗ്രഹിച്ചത്.

ഞാന്‍ ലയണല്‍ മെസ്സിയെ വളരെയധികം ബഹുമാനിക്കുന്നു. 2021 ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയതില്‍ അദ്ദേഹത്തെ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു,’ ലെവന്‍ഡോസ്‌കി പറഞ്ഞു.

 

Content Highlight: During the 2022 FIFA World Cup, when Lionel Messi expressed his anger towards  Robert Lewandowski