national news
വിഭജന കാലത്ത് ആര്‍.എസ്.എസ് മുസ്‌ലിങ്ങളെ കൊന്ന് പാകിസ്ഥാനിലേക്ക് അയച്ചു; വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ
ഛണ്ഡീഗഡ്: വിഭജന കാലത്ത് ആര്‍.എസ്.എസുകാര്‍ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ തുടങ്ങിയതിന് ശേഷമാണ് പാകിസ്ഥാനില്‍ ഹിന്ദുക്കളെ കൊല്ലുന്നത് നിര്‍ത്തിയതെന്ന പരാമര്‍ശവുമായി ഹരിയാന ബി.ജെ.പി എം.എല്‍.എ. ഫതഹബാദില്‍ വെച്ച് നടന്ന വിഭജന ഭീകരത അനുസ്മരിക്കാന്‍ ഹരിയാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് എം.എല്‍.എ കിഷന്‍ ലാല്‍ മിദ്ദയുടെ വിവാദ പരാമര്‍ശം.
‘പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് തന്റെ പൂര്‍വികരുടെ വേരുകളുള്ളത്. വിഭജന സമയത്ത് ആ ഭാഗത്ത് നിന്ന് (പാകിസ്ഥാന്‍), ഈ ഭാഗത്തേക്ക് (ഇന്ത്യ) കുടിയേറാന്‍ നമ്മുടെ പൂര്‍വികര്‍ നന്നായി കഷ്ടപ്പെട്ടു. ട്രെയ്‌നില്‍ വെച്ച് അന്ന് നിരവധിപ്പേര്‍ കൊല്ലപ്പെട്ടു.
പലായനത്തിന് മുമ്പ് പാകിസ്ഥാന്‍ ഭാഗത്തുള്ളവര്‍ അവരുടെ വീടുകളില്‍ വിലപ്പിടിപ്പുള്ള വസ്തുക്കള്‍ കുഴിച്ചിട്ടിരുന്നു. തിരിച്ച് വന്നാലെടുക്കാമെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്,’ മിദ്ദ പറഞ്ഞു.
പാലായനം ചെയ്യവേ ട്രെയിനില്‍ വെച്ച് നിരവധി ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് കണ്ടവരുണ്ടെന്നും മിദ്ദ പറഞ്ഞു.
‘മുസ്‌ലിം സമുദായത്തിലുള്ളവര്‍ ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് കണ്ടവരുണ്ട്. അഭിമാനം സംരക്ഷിക്കാന്‍ നമ്മുടെ പ്രായമായവര്‍ റൊട്ടിയില്‍ വിഷം കലര്‍ത്തിയതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ വിറയല്‍ അനുഭവപ്പെടും. മുസ്‌ലിങ്ങളില്‍ നിന്ന് രക്ഷപ്പെട്ടാണ് അവര്‍ എങ്ങനെയോ ഇന്ത്യയിലെത്തിയത്.
ആര്‍.എസ്.എസുകാര്‍ മുസ്‌ലിങ്ങളെ കശാപ്പ് ചെയ്ത് പാകിസ്ഥാനിലേക്ക് അയച്ചപ്പോഴാണ് ഹിന്ദുക്കള്‍ മുസ്‌ലിങ്ങളെ കൊല്ലുന്നത് നിര്‍ത്തിയത്,’ അദ്ദേഹം പറഞ്ഞു.
അതേസമയം പരിപാടിയുടെ മുഖ്യാതിഥിയും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഘട്ടാര്‍ എം.എല്‍.എയുടെ പരാമര്‍ശത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി. പ്രസംഗം നടത്തുന്ന സമയത്ത് വവേദിയില്ലാതിരുന്ന മുഖ്യമന്ത്രി എം.എല്‍.എ പറഞ്ഞതിനുള്ള മറുപടി അദ്ദേഹം തന്നെ വിശദീകരിക്കുമെന്ന് പറഞ്ഞു.
എന്നാല്‍ ആ കാലഘട്ടത്തിലെ ദൃക്‌സാക്ഷിയല്ല താനെന്നും സണ്ണി ഡിയോളും അമീഷ പട്ടീലും അഭിനയിച്ച ഗദര്‍ സിനിമയിലെ കാര്യങ്ങള്‍ പറയുകയാണ് ചെയ്തതെന്നും എം.എല്‍.എ ദി പ്രിന്റിനോട് പറഞ്ഞു.
content highlights: During partition, RSS killed Muslims and sent them to Pakistan; BJP MLA with controversial remarks