| Thursday, 22nd July 2021, 4:01 pm

സര്‍ക്കാര്‍ അഭിഭാഷകര്‍ ഉണ്ടായിട്ടും ഒന്നാം എല്‍.ഡി.എഫ്. ഭരണത്തില്‍ പുറമേ നിന്നുള്ള അഭിഭാഷകര്‍ക്കായി ചെലവിട്ടത് 18 കോടി; കെ.കെ. രമയ്ക്ക് മന്ത്രി പി. രാജീവിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒന്നാം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലയളവില്‍ സര്‍ക്കാരിനുവേണ്ടി കേസുകള്‍ നടത്തുന്നതിന് വേണ്ടി പുറത്തുനിന്നു നിയോഗിച്ച അഭിഭാഷകര്‍ വേണ്ടി വന്‍ തുക ചെലവഴിച്ചെന്ന് നിയമസഭയില്‍ നിയമവകുപ്പ് മന്ത്രി പി. രാജീവ്.

കെ.കെ. രമ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായാണ് 2021 മേയ് 31 വരെ രാജ്യത്തെ വിവിധ കോടതികളില്‍ സര്‍ക്കാരിനുവേണ്ടി കേസുകള്‍ നടത്തുന്നതിനായി നിയോഗിച്ച അഭിഭാഷകരുടെ ഫീസ് മന്ത്രി വെളിപ്പെടുത്തിയത്.

മന്ത്രി നല്‍കിയ കണക്കുപ്രകാരം, അഭിഭാഷകരുടെ ഫീസിനത്തില്‍ പതിനെട്ടുകോടി തൊണ്ണൂറ്റിയേഴ് ലക്ഷത്തി എന്‍പത്തൊമ്പതിനായിത്തി എണ്ണൂറ്റി ഇരുപത്തിമൂന്ന് രൂപ ( 18,97,89,823) പുറമെ നിന്നുള്ള അഭിഭാഷകര്‍ക്ക് ഫീസിനത്തില്‍ ചെലവാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്ളപ്പോഴും എന്തുകൊണ്ടാണ് കേസുകള്‍ വാദിക്കുന്നതിന് പുറമെ നിന്ന് അഭിഭാഷകരെ നിയമിക്കുന്നത് എന്ന ചോദ്യത്തിന് പ്രത്യേക നിയമ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യാവഹാരങ്ങളില്‍ ആ വിഷയങ്ങളില്‍ പ്രത്യേക പ്രവര്‍ത്തന പരിചയമുള്ള അഭിഭാഷകരുടെ സേവനം ഉപയോഗിക്കേണ്ടതായി വരുമെന്നാണ് ഉത്തരം.

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്.

മന്ത്രി എ.കെ. ശശീന്ദ്രന്‍ സ്ത്രീപീഡന പരാതിയില്‍ ഇടപെട്ട സംഭവം നിയമസഭയില്‍ വലിയ ബഹളത്തിന് കാരണമായി. ശശീന്ദ്രനെതിരെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

ആകെ 20 ദിവസം സമ്മേളിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. അതില്‍ നാല് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവെച്ചിട്ടുണ്ട്. ആ ദിവസങ്ങളില്‍ അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുള്ള സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സഭ പരിഗണിക്കും. എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് ആഗസ്റ്റ് 18-ാം തീയതി പിരിയത്തക്ക വിധമാണ് സമ്മേളന കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് അറിയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: During First LDF Governement, 18 crore was spent on external lawyers

Latest Stories

We use cookies to give you the best possible experience. Learn more