World News
ആന്റണി ബ്ലിങ്കന്റെ വിടവാങ്ങല്‍ വാര്‍ത്താ സമ്മേളനത്തിനിടെ വംശഹത്യയെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 17, 10:45 am
Friday, 17th January 2025, 4:15 pm

വാഷിങ്ടണ്‍: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ വിടവാങ്ങല്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഗസയിലെ ഇസ്രഈല്‍ വംശഹത്യയെ ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കി. വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരായ മാക്‌സ് ബ്ലൂമെന്റല്‍, സാം ഹുസൈനി എന്നിവരെയാണ് പുറത്താക്കിയത്.

ഒരു മണിക്കൂര്‍ നീണ്ടുനിന്ന വാര്‍ത്താ സമ്മേളനമാണ് ആന്റണി ബ്ലിങ്കന്‍ നടത്തിയത്. പത്രസമ്മേളനം തുടങ്ങി 15 മിനിട്ടിനുള്ളില്‍ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ ഗസയെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് ബ്ലിങ്കന്റെ സംസാരം തടസപ്പെടുത്തുകയായിരുന്നു.

‘ഗസയില്‍ നിങ്ങള്‍ എന്തിനാണ് ബോംബുകള്‍ ഒഴുക്കിയത്,’ ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റായ ഗ്രേസോണിന്റെ എഡിറ്ററായ മാക്‌സ് ബ്ലൂമെന്റല്‍

യഹൂദ മതത്തെ ഫാസിസവുമായി ബന്ധിപ്പിച്ച് നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് യു.എസ് നടത്തിയതെന്നും മാക്‌സ് പറഞ്ഞു. നിങ്ങളുടെ മുത്തച്ഛന്‍ മൗറീസ് ബ്ലിങ്കന്‍ ഒരു ഇസ്രഈല്‍ ലോബിയിസ്റ്റ് ആയിരുന്നുവെന്നും മാക്‌സ് ബ്ലിങ്കനെ ഓര്‍മിപ്പിച്ചു. നമ്മുടെ പൈതൃകം നിലനില്‍ക്കുന്ന കാലത്ത് വംശഹത്യ അനുവദിക്കാന്‍ എങ്ങനെ തോന്നിയെന്നും മാക്‌സ് ബ്ലൂമെന്റല്‍ ബ്ലിങ്കനോട് ചോദിച്ചു.

During Anthony Blinken's farewell press conference, journalists who questioned the genocide were fired

Max Blumenthal

തുടര്‍ന്ന് ചോദ്യങ്ങളില്‍ പ്രകോപിതരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാക്‌സ് ബ്ലൂമെന്റലിനെ നിര്‍ബന്ധിച്ച് പുറത്തേക്ക് നയിക്കുകയായിരുന്നു. എന്നാല്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ സാമിനെ ഉദ്യോഗസ്ഥര്‍ പൊക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകുകയാണ് ചെയ്തത്.

മാക്സാണ് ആന്റണി ബ്ലിങ്കനോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് തുടക്കം കുറിച്ചത്. മാക്‌സിനെ പുറത്താക്കിയതിന് പിന്നാലെ ജനീവ കണ്‍വെന്‍ഷന്‍ ഫലസ്തീനികള്‍ക്കും ബാധകമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോയെന്ന് സാം ഹുസൈനി ചോദ്യമുയര്‍ത്തി.

പിന്നാലെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാറ്റ് മില്ലര്‍ സാം ഹുസൈനിയെ പുറത്താക്കാന്‍ ആവശ്യപ്പെടുകയും ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് സാമിനെ പുറത്താക്കുകയുമായിരുന്നു.

‘ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് അന്താരാഷ്ട്ര കോടതിയും ആംനസ്റ്റി ഇന്റര്‍നാഷണലും പറയുമ്പോള്‍ നിങ്ങൾ അവയെ ബഹുമാനിച്ചോ…. കുറ്റവാളി,’ സാം ഹുസൈനി

During Anthony Blinken's farewell press conference, journalists who questioned the genocide were fired

Sam Husseini

പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ, ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് അന്താരാഷ്ട്ര കോടതിയും ആംനസ്റ്റി ഇന്റര്‍നാഷണലും പറയുമ്പോള്‍ താങ്കള്‍ അവയെ ബഹുമാനിച്ചോയെന്നും സാം ചോദിച്ചു. കുറ്റവാളി എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് സാം ഹുസൈനി അവസാന ഘട്ടത്തിലും പ്രതിഷേധിച്ചത്.

നടപടി ക്രമങ്ങള്‍ അനുസരിക്കൂ, ബഹുമാനിക്കൂ എന്ന് വേദിയിലിരുന്നുള്ള ആന്റണി ബ്ലിങ്കന്റെ നിര്‍ദേശമാണ് സാം ഹുസൈനിയെ പ്രകോപിപ്പിച്ചത്. ഗസയിലെ അതിക്രമങ്ങളില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രിക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച നീക്കം ജനാധിപത്യ രാജ്യങ്ങള്‍ക്കെതിരായ അന്താരാഷ്ട്ര കോടതിയുടെ തെറ്റായ നീക്കമെന്നാണ് ബ്ലിങ്കന്‍ പറഞ്ഞത്. പ്രസ്തുത പ്രസ്താവനയെ മുനിര്‍ത്തിയായിരുന്നു സാം ഹുസൈനിയുടെ വിമര്‍ശനം.

ബ്ലിങ്കന്റെ മുത്തച്ഛനായ മൗറീസ് റഷ്യയുടെ ഭാഗമായ കിയവിലാണ് ജനിച്ചത്. പിന്നീട് യു.എസിലേക്ക് കുടിയേറിയ അദ്ദേഹം 1921ല്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും 1924ല്‍ ലോ സ്‌കൂളില്‍ നിന്നും നിയമവും പൂര്‍ത്തിയാക്കി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യു.എസില്‍ അദ്ദേഹം അമേരിക്കന്‍-ഫലസ്തീന്‍ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും ചെയ്തിരുന്നു.

Content Highlight: During Anthony Blinken’s farewell press conference, journalists who questioned the genocide were fired