| Thursday, 23rd November 2023, 7:36 pm

2024ല്‍ ലോകകപ്പല്ലേ വരുന്നത്, അതാണ് ലക്ഷ്യം; കരിയര്‍ എന്‍ഡ് റിപ്പോര്‍ട്ടുകള്‍ക്കിടെ വൈറലായി വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ഫോര്‍മാറ്റിലെ രോഹിത് ശര്‍മയുടെ കരിയര്‍ അവസാനിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇന്ത്യന്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകകപ്പ് ഫൈനലിലെ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ തോല്‍വി വിശകലനം ചെയ്യുന്നതിനായും വൈറ്റ്‌ബോള്‍ ഫോര്‍മാറ്റില്‍ രോഹിത്തിന്റെ ഭാവി എന്താകുമെന്ന് ചര്‍ച്ചകള്‍ നടത്തുമെന്നുമാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

എന്നാല്‍ ടി-20 ഫോര്‍മാറ്റില്‍ തന്നെ പരിഗണിക്കാത്തതില്‍ കുഴപ്പമില്ലെന്ന് രോഹിത് സെലക്ടര്‍മാരെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, അമേരിക്കയില്‍ രോഹിത് ആരാധകരുമായി സംവദിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. ഈ വര്‍ഷം ഓഗസ്റ്റില്‍ ക്രിക്കിങ്ഡം അക്കാദമിയുടെ ലോഞ്ചിനിടെയുള്ള രോഹിത്തിന്റെ വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പില്‍ കളിക്കുമോ എന്ന ചോദ്യത്തിനാണ് രോഹിത് മറുപടി നല്‍കിയത്. 2024ല്‍ വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിനെ കുറിച്ചാണ് രോഹിത് സംസാരിച്ചത്.

‘വെറുതെ ചെന്ന് ആസ്വദിക്കുക എന്നതിലുപരി, ഇവിടെ (യു.എസ്.എയില്‍) വരാന്‍ മറ്റൊരു വലിയ കാരണമുണ്ട്. ലോകകപ്പാണ് വരുന്നതെന്ന് നിങ്ങള്‍ക്കറിയാം. അടുത്ത വര്‍ഷം ജൂണില്‍, ലോകത്തിന്റെ ഈ ഭാഗത്തായി ടി-20 ലോകകപ്പ് നടക്കും. ഇതില്‍ എല്ലാവരും ആവേശഭരിതരാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ലോകകപ്പിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍,’ എന്നാണ് രോഹിത് പറഞ്ഞത്.

2022 ടി-20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയാണ് രോഹിത് അവസാനമായി ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ബാറ്റേന്തിയത്.

ഇന്ത്യക്കായി 2007ല്‍ ടി-20യില്‍ അരങ്ങേറിയ രോഹിത് ശര്‍മ 148 മത്സരങ്ങളില്‍ നിന്നും 3,853 റണ്‍സാണ് നേടിയിട്ടുള്ളത്. 29 അര്‍ധ സെഞ്ച്വറികളും നാല് സെഞ്ച്വറികളും ടി-20യില്‍
രോഹിത് സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം, 50 ഓവര്‍ ലോകകപ്പ് കഴിഞ്ഞതിന് ശേഷമുള്ള ഇന്ത്യ- ഓസ്ട്രേലിയ അഞ്ച് ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ലോകകപ്പ് കളിച്ച പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചിരുന്നു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ഇന്ത്യയുടെ നെക്‌സ്റ്റ് ജനറേഷന്‍ താരങ്ങളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്.

ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ശിവം ദുബെ, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

Content highlight: During amid discussion on T20 retirement Rohit Sharmas old video goes viral

Latest Stories

We use cookies to give you the best possible experience. Learn more