| Sunday, 12th December 2021, 1:10 pm

'പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് വിദേശത്ത് ബാറും റെസ്റ്റോറന്റും'; ആരോപണവുമായി ഇ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ ഓഫീസിലും വീടുകളിലും നടത്തിയ റെയ്ഡില്‍ കള്ളപ്പണ ഇടപാടുകള്‍ സൂചിപ്പിക്കുന്ന രേഖകള്‍ പിടിച്ചെടുത്തതായി ഇ.ഡി(എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്).

വിദേശ നിക്ഷേപങ്ങളെ സംബന്ധിച്ചും വിദേശരാജ്യങ്ങളിലെ സ്വത്തുവകകളെ സംബന്ധിച്ചുമുള്ള രേഖകളും ഡിജിറ്റല്‍ തെളിവുകളും അടക്കം റെയ്ഡില്‍ കണ്ടെടുത്തതായി ഇ.ഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വിദേശത്തുള്ള സ്വത്തുക്കളെ സംബന്ധിച്ചുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്. അബുദാബിയിലെ ബാറും റെസ്റ്റോറന്റും ഉള്‍പ്പെടെയുള്ള വസ്തുവകകളെക്കുറിച്ചാണ് വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതെന്നും ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചുവരികയാണെന്നും ഇ.ഡി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

മൂന്നാര്‍ മാങ്കുളത്തെ മൂന്നാര്‍ വില്ല വിസ്റ്റ പ്രൊജക്ടിന്റെ ഓഫീസിലും പരിശോധന നടത്തിയിരുന്നു. റെയ്ഡ് തടസപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും സി.ആര്‍.പി.എഫിന്റെ സാന്നിധ്യത്തില്‍ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും ഇ.ഡിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

വില്ല വിസ്റ്റ പ്രൊജക്ട് ഉള്‍പ്പെടെ കേരളത്തിലെ വിവിധ പദ്ധതികളിലൂടെ പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണ ഇടപാടുകള്‍ നടത്തുന്നതിന്റെ രേഖകളും കണ്ടെടുത്തു. ഡിജിറ്റല്‍ ഉപകരണങ്ങളും വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ഡിസംബര്‍ എട്ടിന് കണ്ണൂര്‍ പെരിങ്ങത്തൂര്‍, മലപ്പുറം പെരുമ്പടപ്പ്, മൂവാറ്റുപുഴ, മൂന്നാറിലെ മാങ്കുളം എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് രേഖകള്‍ കണ്ടെടുത്തത്.

കണ്ണൂര്‍ പെരിങ്ങത്തൂരിലെ പോപ്പുലര്‍ ഫ്രണ്ട്, എസ.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പിലെ പോപ്പുലര്‍ ഫ്രണ്ട് ഡിവിഷണല്‍ പ്രസിഡന്റ് ബി.പി. അബ്ദുള്‍ റസാഖ്, മൂവാറ്റുപുഴയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം.കെ. അഷ്റഫ് എന്നിവരുടെ വീടുകളിലാണ് ഇ.ഡി സംഘം റെയ്ഡ് നടത്തിയത്.

അതേസമയം, കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഷഫീഖിന്റെ വീട്ടില്‍ ഇ.ഡിയുടെ പരിശോധനയ്ക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിരുന്നു.

ഇ.ഡി ഗോ ബാക്ക്, അല്ലാഹു അക്ബര്‍, ആര്‍.എസ്.എസ് ഗോ ബാക്ക് എന്നീ മുദ്രാവാക്യങ്ങളുമായി ആയിരുന്നു എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: During a raid on the offices and homes of Popular Front of India leaders, ED seized documents relating to money laundering

We use cookies to give you the best possible experience. Learn more