| Thursday, 5th May 2022, 4:26 pm

വിദ്വേഷ പ്രചരണം; സംഘപരിവാര്‍ അനുകൂലി ദുര്‍ഗാദാസിനെ ഖത്തര്‍ മലയാളം മിഷന്‍ കോഓഡിനേറ്റര്‍ പദവിയില്‍നിന്ന് പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹിന്ദു മഹാ സമ്മേളനത്തില്‍ മുസ്‌ലിം സമുദായത്തിനെതിരെയും ഗള്‍ഫിലെ നഴ്‌സുമാര്‍ക്കെതിരെയും വിദ്വേഷ പ്രചരണം നടത്തിയ സംഘപരിവാര്‍ അനുകൂലിയായ ദുര്‍ഗാദാസിനെ മലയാളം മിഷന്‍ കോഓഡിനേറ്റര്‍ പദവിയില്‍നിന്ന് പുറത്താക്കി.

കോഓഡിനേറ്റര്‍ പദവി ഉള്‍പ്പെടെ നിലവിലുള്ള എല്ലാ സ്ഥാനങ്ങളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതായി കേരള മിഷന്‍ അറിയിച്ചു.

ദുര്‍ഗാദാസിന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമുണ്ടായ പശ്ചാത്തലത്തിലാണ് കേരള മിഷന്റെ നടപടി. വസ്തുതകളുടെ അടിസ്ഥാനത്തിലില്ലാത്ത പ്രചരണമാണ് ദുര്‍ഗദാസില്‍ നിന്നുണ്ടായതെന്ന് കേരള മിഷന് ബോധ്യപ്പെട്ടുവെന്നും കേരള മിഷന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. തൊഴില്‍ തേടി വിദേശത്തേക്ക് എത്തുന്ന ഒരു വിഭാഗം സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുന്നത്തുന്ന
പ്രചരണം ദുര്‍ഗാദാസിന്റെ ഭാഗത്തുനിന്നുണ്ടയതെന്നും മലയാളം മിഷനില്‍ കൂട്ടിച്ചേര്‍ത്തു.

ദുര്‍ഗാദാസിന്റെ പ്രസ്താവന നഴ്‌സുമാരെ അപമാനിക്കുന്നതാണെന്ന് ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘടനയായ യൂണിക് പറഞ്ഞിരുന്നു.

മലയാളം മിഷനില്‍ ദുര്‍ഗാദാസിനെ പോലുള്ളവര്‍ എങ്ങനെ കടന്നുകൂടിയെന്ന് പരിശോധിക്കണമെന്ന് ഖത്തര്‍ ഇന്‍കാസ് ആവശ്യപ്പെട്ടിരുന്നു.

ആതുര സേവന രംഗത്ത് സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്‌സുമാരെ അപമാനിക്കുന്നതാണ് മലയാളം മിഷന്‍ കോഓഡിനേറ്ററുടെ പ്രസ്താവന. ഐ.ബി.പി.സിക്കും മുഖ്യമന്ത്രിക്കും യൂണിക് പരാതി നല്‍കിയിട്ടുണ്ട്.

ഇത്തരത്തിലുള്ള വര്‍ഗീയ പരാമര്‍ശങ്ങള്‍ നഴ്‌സിങ് സമൂഹം ഒറ്റക്കെട്ടായി നേരിടുമെന്നും യൂണിക് പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങളില്‍ ഇങ്ങനെയുള്ളവര്‍ എങ്ങനെ കടന്നുകൂടുന്നു എന്നത് പരിശോധിക്കണമെന്ന് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

CONTENT HIGHLIGHTS: Durgadas fired as Qatar Malayalam Mission Coordinator

We use cookies to give you the best possible experience. Learn more