ഒരിക്കലും ആ ചിത്രം കാണരുതെന്ന് പ്രിയൻ സാർ പറഞ്ഞു, പക്ഷെ ഞാൻ ആദ്യമേ കണ്ടു: ദുർഗ കൃഷ്ണൻ
Entertainment
ഒരിക്കലും ആ ചിത്രം കാണരുതെന്ന് പ്രിയൻ സാർ പറഞ്ഞു, പക്ഷെ ഞാൻ ആദ്യമേ കണ്ടു: ദുർഗ കൃഷ്ണൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st October 2024, 9:06 am

വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് ദുർഗ കൃഷ്ണൻ. പ്രേതം 2, ഉടൽ, തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ദുർഗ, എം.ടി. വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഈയിടെ ഇറങ്ങിയ ആന്തോളജി ചലച്ചിത്രമായ മനോരഥങ്ങളിലും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

പ്രിയദര്‍ശൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായാണ് ദുർഗ അഭിനയിച്ചത്. ഓളവും തീരവും തന്നെ തേടിയെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ദുർഗ കൃഷ്ണ.

സിനിമക്കായി തന്നെ വന്ന് വിളിച്ചപ്പോൾ ആദ്യം വിശ്വാസമായില്ലെന്നും വലിയ സന്തോഷം തോന്നിയെന്നും ദുർഗ പറയുന്നു. ആദ്യ ഷോട്ട് കഴിഞ്ഞപ്പോഴാണ് തനിക്ക് വിശ്വാസം വന്നതെന്നും മോഹൻലാലിന്റെ നായികയാവുന്നതെല്ലാം ഒരുപാട് ആഗ്രഹിച്ച കാര്യമാണെന്നും ദുർഗ പറയുന്നു. പഴയ ഓളവും തീരവും കാണരുതെന്നായിരുന്നു തന്നോട് സംവിധായകൻ പ്രിയദർശൻ പറഞ്ഞതെന്നും ദുർഗ മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട്‌ പറഞ്ഞു.

‘നിർമാതാവ് സുധീർ അമ്പലപ്പാട്ടാണ് എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത്. എം.ടി.സാറിൻ്റെ കുറച്ച് കഥകൾ സിനിമയാകുന്നുണ്ടെന്ന് പറഞ്ഞു. എന്റെ സിനിമയെക്കുറിച്ചും സംസാരിച്ചു. എന്നിട്ടും എനിക്ക് വിശ്വസിക്കാനായില്ല.

കോസ്‌റ്റ്യൂമർ വന്ന് അളവെടുത്തു പോയിട്ടുപോലും ഞാൻ ഉറപ്പിച്ചില്ല. വീട്ടുകാർക്കും ഏറെ സന്തോഷം തോന്നി. അപ്പോഴും ഞാൻ പറഞ്ഞു, വരട്ടെ, ഷൂട്ടിങ് തുടങ്ങിയിട്ട് വിശ്വസിച്ചാൽ മതിയെന്ന്. ഒടുവിൽ ആദ്യസീൻ കഴിഞ്ഞ് പ്രിയൻ സാർ കട്ട് വിളിച്ചപ്പോഴാണ് എനിക്ക് വിശ്വാസമായത്.

എം.ടി.സാറിൻ്റെ പഴയ പല സിനിമകളും കണ്ടിട്ടുണ്ട്. അതുപോലുള്ള കഥാപാത്രം എന്നും സ്വപ്‌നമായിരുന്നു. അതിനൊപ്പം ലാലേട്ടന്റെ നായിക, സംഗീത് ശിവന്റെ ക്യാമറ, പ്രിയദർശന്റെ സംവിധാനം, സാബു സിറിൽ ആർട്ട് ചെയ്യുന്നു. ഇതെല്ലാം ആഗ്രഹിച്ച കാര്യങ്ങളാണ്. ആഗ്രഹങ്ങളെല്ലാം ഒരുമിച്ച് സാധ്യമായതുപോലെ.

ഷൂട്ടിങ്ങിനുമുമ്പ് പഴയ ഓളവും തീരവും എവിടുന്നോ സംഘടിപ്പിച്ചു കണ്ടു. അതുകഴിഞ്ഞ് സംസാരിച്ചപ്പോൾ പ്രിയൻ സാർ പറഞ്ഞു, പഴയ സിനിമ കാണരുത്. അതല്ല നമ്മൾ ചെയ്യാൻ പോകുന്നത്. ഓളവും തീരവും എന്ന സിനിമയുടെ പുതിയ വേർഷൻ ആണെന്ന്,’ദുർഗ കൃഷ്ണ പറയുന്നു.

 

Content Highlight: Durga krishnan About Priyadarshan And Olavum theeravum Movie