| Sunday, 29th September 2024, 1:42 pm

ഉടല്‍ സിനിമക്ക് വേണ്ടരീതിയിലുള്ള അംഗീകാരം ലഭിച്ചില്ല; പല അവാര്‍ഡ് ജൂറികള്‍ക്കും ഷൈനിയുടെ ആഴം മനസിലായിട്ടില്ല: ദുര്‍ഗ കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉടല്‍ എന്ന സിനിമയെ കുറിച്ചും അതില്‍ താന്‍ അവതരിപ്പിച്ച ഷൈനി എന്ന കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് ദുര്‍ഗ കൃഷ്ണ. തന്റെ കരിയറിലെ പ്രധാനപ്പെട്ട സിനിമയാണ് ഉടലെന്നും അതിനെ കഥാപാത്രത്തിന് തനിക്ക് നിരവധി അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ലഭിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ചിത്രത്തിന് വേണ്ട രീതിയിലുള്ള ചര്‍ച്ചകള്‍ ഉണ്ടായെന്ന് തോന്നുന്നില്ലെന്ന് ദുര്‍ഗ പറയുന്നു. ഷൈനി എന്ന കഥാപാത്രം ഇന്നത്തെ സമൂഹത്തിലെ വീട്ടമ്മയാണെന്നും കഥാപാത്രത്തോടുള്ള ഇഷ്ടം കൊണ്ടാണ് ആ ചിത്രം ചെയ്യാം എന്ന് തീരുമാനിച്ചതെന്നും പറഞ്ഞ ദുര്‍ഗ, സംസ്ഥാന അവാര്‍ഡുകള്‍ പോലുള്ള പല അവാര്‍ഡ് ജൂറികളും ആ കഥാപാത്രത്തിന്റെ ആഴം മനസിലാക്കിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുര്‍ഗ കൃഷണ.

‘ഉടല്‍ എന്റെ കരിയറിലെ പ്രധാന സിനിമയാണ്. ആ സിനിമയും അതിലെ ‘ഷൈനി’ എന്ന കഥാപാത്രവും കുറേ അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും നേരിട്ടു. മികച്ച നടിക്കുള്ള ജെ.സി.ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരവും ആ കഥാപാത്രത്തിലൂടെ എനിക്ക് ലഭിച്ചു. എങ്കിലും വേണ്ടത്ര അംഗീകാരം ആ സിനിമക്ക് ലഭിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും എന്റെ ഉത്തരം. കൊമേഴ്സ്യല്‍ ഹിറ്റായിരുന്ന സിനിമയെപ്പറ്റി അധികം നിരൂപണങ്ങള്‍ നടന്നിട്ടുണ്ടോ എന്നുതന്നെ സംശയമാണ്.

ഒരുപാട് പഠിപ്പുണ്ടെങ്കിലും വീട്ടുജോലിയിലും അടുക്കളപ്പണിയിലും തളച്ചിടപ്പെട്ട കഥാപാത്രമാണത്. പ്രായമായ അമ്മായിയച്ഛനെയും അമ്മായിയമ്മയെയും നോക്കേണ്ട ഉത്തരവാദിത്തം അവളുടെ തലയില്‍വെച്ചുകൊടുത്ത്, വീട്ടിലേക്ക് തിരിഞ്ഞുപോലും നോക്കാതെ ദുരെപ്പോയി ജോലി ചെയ്യുന്ന ഭര്‍ത്താവ്. സത്യത്തില്‍ ഷൈനി ഇന്നത്തെ സമൂഹത്തിലെ വീട്ടമ്മയാണ്. വളരെ ബോള്‍ഡായി, സന്ദര്‍ഭങ്ങളെ വ്യക്തമായി മനസ്സിലാക്കി തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള കഥാപാത്രം. ആ കഥാപാത്രത്തിനോടുള്ള ഇഷ്ടംകൊണ്ടാണ് ഞാനാ സിനിമ സ്വീകരിച്ചത്.

സംസ്ഥാന അവാര്‍ഡ് പോലുള്ള പല പ്രമുഖ അവാര്‍ഡ് ജൂറികളും ആ കഥാപാത്രത്തിന്റെ ആഴം മനസ്സിലാക്കിയില്ലെന്ന് തോന്നിയിട്ടുണ്ട്. ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിന്റെ അവസാന റൗണ്ടില്‍വരെ ഷൈനി എന്ന കഥാപാത്രമുണ്ടായിരുന്നു എന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. അതുതന്നെ വലിയ അംഗീകാരമാണ്. വിമര്‍ശനങ്ങള്‍ എന്നും ആര്‍ട്ടിസ്റ്റിന് നല്ലതാണ് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. തെറ്റുണ്ടെങ്കില്‍ തിരുത്താനും സമൂഹത്തിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നിലവാരവും ഇരട്ടത്താപ്പുമെല്ലാം മനസ്സിലാക്കാനും വിമര്‍ശനങ്ങള്‍ സഹായിക്കും,’ ദുര്‍ഗ കൃഷണ പറയുന്നു.

Content Highlight: Durga krishna Talks About Udal Movie

We use cookies to give you the best possible experience. Learn more