| Thursday, 15th August 2024, 1:09 pm

ഓളവും തീരവും; ലാലേട്ടന്റെ അഭിനയം സ്വിച്ചിട്ടത് പോലെ; എന്തോ ഒരു മാജിക് അദ്ദേഹത്തിലുണ്ട്: ദുര്‍ഗ കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.ടി. വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങിയ ആന്തോളജി ചലച്ചിത്രമാണ് ‘മനോരഥങ്ങള്‍’. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ‘ഓളവും തീരവും’ സിനിമയായപ്പോള്‍ അതില്‍ നായകനായത് മോഹന്‍ലാല്‍ ആണ്. അദ്ദേഹത്തിന് പുറമെ ദുര്‍ഗ കൃഷ്ണയും സുരഭി ലക്ഷ്മിയും ഇതില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് ദുര്‍ഗ കൃഷ്ണ. മനോരഥങ്ങളുടെ ഭാഗമായി റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുര്‍ഗ.

പലപ്പോഴും മോഹന്‍ലാലിന്റെ സീനെടുക്കുന്നത് കാണുമ്പോള്‍ അത് ആസ്വദിച്ചു നിന്നുപോകുമെന്നും എങ്ങനെയാണ് അദ്ദേഹം ഇത്ര നന്നായി ചെയ്യുന്നതെന്ന് ചിന്തിക്കാറുണ്ടെന്നും ദുര്‍ഗ കൃഷ്ണ പറയുന്നു. തനിക്ക് ഒരു സീന്‍ ചെയ്യുന്നതിന് മുമ്പ് പ്രിപ്പറേഷന്‍ ആവശ്യമാണെന്നും എന്നാല്‍ മോഹന്‍ലാല്‍ സ്വിച്ചട്ടത് പോലെയാണ് ചെയ്യുന്നതെന്നും ദുര്‍ഗ കൂട്ടിച്ചേര്‍ത്തു.

‘അവിടെ ലാലേട്ടന്റെ അഭിനയം നമ്മള്‍ നേരിട്ട് കണ്ട് ഇരിക്കുകയാണ്. ഞാനും ലാലേട്ടനും കൂടെ ഒരുമിച്ച് അഭിനയിക്കുന്ന ഒരു സീന്‍ ചെയ്യുമ്പോള്‍ ഞാന്‍ എന്തായാലും ദുര്‍ഗയില്‍ നിന്ന് ഒന്ന് വിട്ടുപോകും. ആ സമയത്ത് ലാലേട്ടന്റെ പെര്‍ഫോമന്‍സ് കണ്ട് ആസ്വദിക്കാനുള്ള സമയമുണ്ടാകില്ല.

പക്ഷെ നമ്മള്‍ ടെന്റിന്റെ അകത്ത് ഇരിക്കുമ്പോഴാകും പലപ്പോഴും ലാലേട്ടന്‍ മാത്രമുള്ള ഷോട്ട് എടുക്കുന്നത്. ആ സമയത്ത് നമ്മള്‍ അത് കണ്ട് ആസ്വദിച്ചു നിന്നുപോകും. എങ്ങനെയാണ് ആള്‍ ഇത്ര നന്നായി ചെയ്യുന്നതെന്ന് നമ്മള്‍ ചിന്തിക്കും. ഞാന്‍ ആണെങ്കില്‍ സീന്‍ ചെയ്യുന്നതിന് മുമ്പ് ഒരു പ്രിപ്പറേഷന്‍ നടത്തും. കുറഞ്ഞത് ആ സീനിന് ആവശ്യമായ മൂഡ് പിടിച്ചിരിക്കും. പക്ഷെ ലാലേട്ടന്‍ അങ്ങനെയല്ല. സ്വിച്ചട്ടത് പോലെയാണ് അദ്ദേഹം.

ആക്ഷന്‍ പറയുന്നതിന് തൊട്ടുമുമ്പ് വരെ തമാശകള്‍ പറഞ്ഞിരിക്കുകയാവും. ആക്ഷന്‍ പറഞ്ഞാല്‍ സ്വച്ചിട്ടത് പോലെ ആള്‍ അഭിനയിക്കും. കട്ട് പറഞ്ഞാല്‍ ഭാവം മാറും. അങ്ങനെയുള്ള എന്തോ ഒരു മാജിക് അദ്ദേഹത്തിനുണ്ട്. കാണുമ്പോള്‍ ഉണ്ടാകുന്ന എക്‌സൈറ്റ്‌മെന്റിനേക്കാള്‍ കൂടുതലായി അതില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്,’ ദുര്‍ഗ കൃഷ്ണ പറഞ്ഞു.


Content Highlight: Durga Krishna Talks About Mahanlal’s Acting In Olavum Theeravum

We use cookies to give you the best possible experience. Learn more