എല്ലാം കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു ആർട്ടിസ്റ്റാണ് ഉർവശിയെന്ന് നടി ദുർഗ കൃഷ്ണ. അതുകൊണ്ട് ഉർവശിയെ ലേഡി സൂപ്പർസ്റ്റാർ എന്ന് തന്നെ വിളിക്കാമെന്നും ദുർഗ പറഞ്ഞു. ഉർവശിയുടെ മുഖത്ത് എപ്പോഴും ഒരു ചിരിയുണ്ടാകുമെന്നും ശാസിക്കാനാണെങ്കിൽ ശാസിക്കുമെന്നും ദുർഗ പറയുന്നുണ്ട്.
തങ്ങൾ ഒരുമിച്ച് അഭിനയിച്ച അയ്യർ ഇൻ അറേബ്യ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് ഉർവശി കരഞ്ഞപ്പോൾ തനിക്ക് സങ്കടം വന്നെന്നും ദുർഗ കൂട്ടിച്ചേർത്തു. ഗ്ലിസറിൻ പോലും ഉപയോഗിക്കാതെയാണ് ഉർവശി കരയുന്നതെന്നും ദുർഗ പറയുന്നുണ്ട്. അൺഫിൽറ്റെർഡ് പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘എല്ലാം ഹാൻഡിൽ ചെയ്യാൻ പറ്റുന്ന ഒരു ആർട്ടിസ്റ്റ് ആണ്. അതുകൊണ്ടുതന്നെ നമുക്ക് അവരെ ലേഡി സൂപ്പർസ്റ്റാർ എന്ന് തന്നെ വിളിക്കാം. ഈ സിനിമയിൽ തന്നെ കോമഡിയുണ്ട്, അതുപോലെ ലാസ്റ്റ് ഭാഗങ്ങളിലേക്ക് ഇമോഷൻ സീനുകളുണ്ട്. ഗ്ലിസറിൽ ഒന്നുമില്ലാതെയാണ് ചേച്ചി കരയുന്നത്.
അത് കണ്ടിട്ട് എനിക്ക് ഉള്ളിൽ വിഷമം തോന്നിയിട്ടുണ്ട്. എപ്പോഴും ചിരിയാണ് മുഖത്ത്. ശാസിക്കാൻ ആണെങ്കിൽ ശാസിക്കും. പക്ഷേ പെട്ടെന്ന് കരച്ചിൽ വരുന്നത് കണ്ടിട്ട് മാറിയിരുന്നിട്ട് എനിക്ക് വിഷമം തോന്നിയിട്ടുണ്ട്,’ ദുർഗ കൃഷ്ണ പറഞ്ഞു.
ദുർഗ എന്ന നടിയുടെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നായ ഉടലിനെക്കുറിച്ചും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഉടൽ ഒ.ടി.ടിയിലേക്ക് വരുന്നു എന്ന് ഡയറക്ടർ വിളിച്ചു പറഞ്ഞപ്പോൾ, ഞാൻ ഉടനെ ചെയ്തിട്ടുള്ള കാര്യം എന്റെ ഇൻസ്റ്റാഗ്രാമിൽ ടാഗ് ചെയ്യുന്ന ഓപ്ഷൻ മാറ്റി കളഞ്ഞു എന്നതാണ്.
എന്നെ ടാഗ് ചെയ്യേണ്ട. എനിക്ക് അത് കാണേണ്ട. ഉടൽ സിനിമ കഴിഞ്ഞതിന് ശേഷമാണ് കുടുക്ക് ചെയ്യുന്നത്. കുടുക്കിന്റെ പ്രമോഷൻ കഴിഞ്ഞിട്ട് ഒരു ഇൻറർവ്യൂനും ഞാൻ ഇരുന്നിട്ടില്ല. കാരണം പേഴ്സണലി എന്റെ ഫാമിലിയെ ഒക്കെ ഭയങ്കരമായിട്ട് അതിലേക്ക് വലിച്ചിടാൻ തുടങ്ങിയപ്പോൾ എനിക്കത് ഭയങ്കര ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു,’ ദുർഗ കൃഷ്ണ പറഞ്ഞു.
Content Highlight: Durga krishna about urvashy