| Saturday, 4th September 2021, 2:04 pm

ലാലേട്ടനെ ആദ്യമായി കണ്ടപ്പോള്‍ കണ്ണിമ ചിമ്മാന്‍ പോലും മറന്നു; ആരാധന കാരണം കഥാപാത്രമാകാന്‍ കഴിയില്ലെന്ന് പോലും തോന്നി: ദുര്‍ഗ കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ സിനിമകള്‍ കണ്ട് വളര്‍ന്ന ഒരാളെ സംബന്ധിച്ച്, പ്രത്യേകിച്ച് ആരാധകര്‍ക്ക് അദ്ദേഹത്തെ നേരില്‍ കാണുക എന്നത് ഒരു സ്വപ്‌നസാക്ഷാത്ക്കാരമാണ്. നടി ദുര്‍ഗ കൃഷ്ണയെ സംബന്ധിച്ചും അത് തന്നെയായിരുന്നു സംഭവിച്ചത്. മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് കടന്നുവരുമ്പോള്‍ മോഹന്‍ലാലിനെ ഒന്ന് നേരില്‍ കാണുക എന്നതായിരുന്നു ദുര്‍ഗ കൃഷ്ണയുടെ ഏറ്റവും വലിയ സ്വപ്‌നം.

സിനിമാരംഗത്ത് ചുവടുവെച്ചപ്പോള്‍ ദുര്‍ഗ കൃഷ്ണ തന്റെ ആ ആഗ്രഹം നിറവേറ്റിയെന്ന് മാത്രമല്ല, വരാനിരിക്കുന്ന ജീത്തു ജോസഫ് ചിത്രമായ റാമില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള അവസരവും ദുര്‍ഗയ്ക്ക് ലഭിച്ചു.

മോഹന്‍ലാലിനൊപ്പം ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ദുര്‍ഗ. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് റാം സിനിമയുടെ ഷൂട്ടിങ് വിശേഷങ്ങള്‍ നടി പങ്കുവെച്ചത്.

‘റാം’ എന്ന ചിത്രത്തില്‍ മീര എന്ന കഥാപാത്രമായാണ് ദുര്‍ഗ എത്തുന്നത്. മോഹന്‍ലാലിനൊപ്പമുള്ള ആദ്യ പ്രൊജക്റ്റ് കൂടിയായതിനാല്‍, താന്‍ ഒരു സ്വപ്‌നലോകത്തിലായിരുന്നെന്ന് താരം പറയുന്നു.

”ലാലേട്ടനെ നേരില്‍ കാണാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. സിനിമാരംഗത്ത് എത്തിയപ്പോള്‍ പിന്നെ അദ്ദേഹത്തെ ഒന്നു കാണുക എന്നതായിരുന്നു എന്റെ ആദ്യ ആഗ്രഹങ്ങളിലൊന്ന്.

ഞാന്‍ അദ്ദേഹത്തെ ആദ്യമായി കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. കണ്ണിമ ചിമ്മാന്‍ പോലും മറന്നുപോയി. പിന്നീട് എനിക്ക് ലാലേട്ടനുമായി ഒരു സൗഹൃദം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു. അദ്ദേഹവും എന്നെ ഒരു ഇളയ സഹോദരിയായി കാണുന്നു. ഇപ്പോള്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാനും അവസരം ലഭിച്ചു. ഇതില്‍ കൂടുതല്‍ എനിക്ക് ആഗ്രഹിക്കാന്‍ കഴിയില്ല,”ദുര്‍ഗ പറഞ്ഞു.

മോഹന്‍ലാലുമൊത്തുള്ള ഷൂട്ടിങ് ലൊക്കേഷനിലെ തന്റെ അനുഭവവും ദുര്‍ഗ അഭിമുഖത്തില്‍ പങ്കുവെച്ചു. ” ഞാന്‍ ഒരേസമയം ആവേശത്തിലും ആശങ്കയിലുമായിരുന്നു. എനിക്ക് അദ്ദേഹത്തോട് വളരെയധികം ആരാധന ഉള്ളതുകൊണ്ടു തന്നെ കഥാപാത്രമായി മാറാന്‍ കഴിയുമോ എന്നതായിരുന്നു ആശങ്ക. എന്നാല്‍ സെറ്റിലെത്തിയതോടെ അതെല്ലാം മാറി. ലാലേട്ടനില്‍ നിന്ന് ഞാന്‍ ഒരുപാട് പഠിച്ചു. അദ്ദേഹം സിനിമയെ സമീപിക്കുന്ന രീതി, കഥാപാത്രമായി മാറുന്ന രീതി അങ്ങനെ ഒരുപാട്.

ഒരു കലാകാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ലാലേട്ടന്‍ സെറ്റിലെങ്ങനെയാണെന്ന് നിരീക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞു. ഒരു തരത്തില്‍ മാസ്റ്റര്‍ ക്ലാസ് തന്നെയായിരുന്നു,” ദുര്‍ഗ കൃഷ്ണ പറഞ്ഞു.

ചിത്രത്തില്‍ സൗത്ത് ഇന്ത്യന്‍ താരം തൃഷയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന മുറയ്ക്ക് വിദേശത്തുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുമെന്ന് ജീത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Durga Krisha on working with Mohanlal in Ram

We use cookies to give you the best possible experience. Learn more