ഫുട്‌ബോള്‍ ലോകത്തെ മികച്ച താരങ്ങളില്‍ ഒരാളാണ് ബ്രസീലിന്റെ നെയ്മര്‍ ജൂനിയര്‍. എന്നാല്‍ ഏറെ കാലങ്ങളായി താരം പരിക്കിന്റെ പിടിയിലായിരുന്നു. ഇതോടെ കോപ്പ അമേരിക്ക പോലുള്ള നിരവധി ടൂര്‍ണമെന്റുകള്‍ താരത്തിന് നഷ്ടപ്പെടുത്തേണ്ടി വന്നിരുന്നു. നിലവില്‍ അല്‍ ഹിലാലില്‍ തുടരുന്ന താരത്തിന്റെ കോണ്‍ട്രാക്ട് അടുത്തവര്‍ഷം ജനുവരിയോടെ അവസാനിക്കാനിരിക്കുകയാണ്.
കോണ്‍ട്രാക്ട് അവസാനിച്ചാല്‍ താരത്തെ അല്‍ ഹിലാല്‍ നിലനിര്‍ത്തുമോ അതോ വിട്ടയക്കുമോ എന്ന ചര്‍ച്ചകളും ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയാണ്. ഇപ്പോള്‍ ബ്രസീലിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ ബോട്ടോഫോഗോയുടെ പ്രസിഡന്റ് മെല്ലോ താരത്തെക്കുറിച്ച് സംസാരിക്കുകയാണ്.
‘ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് എക്കാലത്തെയും മികച്ച ടാലന്റുള്ള കളിക്കാരനാണ് നെയ്മര്‍ ജൂനിയര്‍. ലയണല്‍ മെസിയുടെ അതേ ലെവലില്‍ ഉള്ള താരമാണ് നെയ്മര്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ മികച്ച താരവുമാണ് നെയ്മര്‍. പക്ഷേ നെയ്മര്‍ തന്റെ കരിയര്‍ സ്വയം നശിപ്പിക്കുകയായിരുന്നു. കൂടാതെ പരിക്കുകളും അദ്ദേഹത്തിന് തടസമായി. ഇപ്പോള്‍ വീണ്ടും അദ്ദേഹത്തിന് പരിക്കേറ്റിരിക്കുന്നു,’ പ്രസിഡന്റ് മെല്ലോ പറഞ്ഞു.
കറ്റാലന്‍ മീഡിയ ഔട്ട്‌ലെറ്റ് സ്‌പോര്‍ട്സിന്റെ റിപ്പോര്‍ട്ട് പ്രകാരം 32 കാരനായ നെയ്മര്‍ പരിക്കിന്റെ പിടിയില്‍ ആയതിനാല്‍ അല്‍ ഹിലാല്‍ ഇനിയും നെയ്മറിന് വേണ്ടി പോകില്ലെന്നാണ് അറിയുന്നത്. സൈന്‍ ചെയ്ത ശേഷം വെറും ഏഴ് മത്സരം മാത്രമാണ് താരത്തിന് ക്ലബ്ബില്‍ കളിക്കാന്‍ സാധിച്ചത്. ഒരു ഗോളും മൂന്ന് അസിസ്റ്റുമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
മാത്രമല്ല പുറത്ത് വന്ന ചില റിപ്പോര്‍ട്ടില്‍ നെയ്മറിനെ ക്ലബ്ബ് വിട്ടയച്ചാല്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ടീമിലെത്തിക്കാനാണ് അല്‍ ഹിലാലിന്റെ ശ്രമിക്കുന്നതെന്നും അറിയുന്നുണ്ട്. ക്ലബ്ബുകള്‍ താരങ്ങളെ വിട്ടുകൊടുത്താല്‍ വമ്പന്‍ മാറ്റങ്ങള്‍ക്കാകും ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിക്കുക.
Content Highlight: Durcesio Mello Talking About Neymar JR