ഡ്യൂറന്റ് കപ്പിന്റെ 131ാമത് എഡിഷന്റെ ഗ്രൂപ്പുകള്‍ തയ്യാറായി. എ, ബി, സി, ഡി എന്നിങ്ങനെ നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ഇത്തവണ ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും പ്രസ്റ്റീജ്യസായ ഡ്യൂറന്റ് കപ്പിനായി കച്ചകെട്ടിയൊരുങ്ങുന്നത്.
കേരളത്തിന്റെ സ്വന്തം കൊമ്പന്‍മാര്‍ ഗ്രൂപ്പ് ഡിയിലാണ്. ഒഡീഷ എഫ്.സി, സുദേവ എഫ്.സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഗ്രീന്‍ ആര്‍മി ഫുട്‌ബോള്‍ ടീം എന്നിവര്‍ക്കൊപ്പമാണ് ബ്ലാസ്റ്റേഴ്‌സ്.
ഡ്യൂറന്റ് കപ്പിനുള്ള സ്‌ക്വാഡിനെ ബ്ലാസ്റ്റേഴ്‌സ് ഉടന്‍ പ്രഖ്യാപിച്ചേക്കും. യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയായിരിക്കും ടീം പ്രഖ്യാപിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഐ.എസ്.എല്ലിന്റെ പുതിയ സീസണിന് മുമ്പ് കൊമ്പന്‍മാരുടെ തേരോട്ടത്തിനുള്ള വേദിയായിട്ടാണ് ആരാധകര്‍ ഡ്യൂറന്റ് കപ്പിനെ കണക്കാക്കുന്നത്.
കേരളാ ബ്ലാസ്റ്റേഴ്‌സ് കളിക്കാനിറങ്ങുമ്പോള്‍ കേരളത്തിന്റെ സ്വന്തം ടീമായ, മലബാറിന്റെ രാജാക്കന്‍മാര്‍ ഗോകുലം എഫ്.സി ഇത്തവണ കളത്തിലിറങ്ങില്ല.
നേരത്തെ കളിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും മുന്‍ ചാമ്പ്യന്‍മാര്‍ തീരുമാനം മാറ്റുകയായിരുന്നു. ഇതോടെ കേരള ഡാര്‍ബിക്ക് വേണ്ടി കാത്തിരുന്ന ആരാധകര്‍ നിരാശരായിരിക്കുകയാണ്.
നിലവിലെ ചാമ്പ്യന്‍മാരും റണ്ണേഴ്‌സ് അപ്പും ഒരേ ഗ്രൂപ്പില്‍ തന്നെയാണ്. ചാമ്പ്യന്‍മാരായ എഫ്.സി ഗോവയും മുഹമ്മദന്‍സും ഗ്രൂപ്പ് എയിലാണ്.
മൂന്ന് വേദികളിലായിട്ടാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അതിലറ്റിക് സ്റ്റേഡിയം, മണിപ്പൂര്‍ തലസ്ഥാനം ഇംഫാലിലെ കുമാന്‍ ലാംപാക് സ്റ്റേഡിയം, കൊല്‍ക്കത്ത വി.വൈ.ബി.കെ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
ഗ്രൂപ്പുകള്‍
ഗ്രൂപ്പ് എ
ബെംഗളൂരു എഫ്.സി, എഫ്.സി ഗോവ, മുഹമ്മദന്‍സ്, ജംഷഡ്പൂര്‍ എഫ്.സി, ഇന്ത്യന്‍ എയര്‍ ഫോഴ്സ്
ഗ്രൂപ്പ് ബി
ഈസ്റ്റ് ബംഗാള്‍, എ.ടി.കെ മോഹന്‍ ബഗാന്‍, മുംബൈ സിറ്റി എഫ്.സി, രാജസ്ഥാന്‍ യുണൈറ്റഡ്, ഇന്ത്യന്‍ നേവി
ഗ്രൂപ്പ് സി
ഹൈദരബാദ് എഫ്.സി, നെറോക്ക എഫ്.സി, ട്രാവു എഫ്.സി, ചെന്നൈയിന്‍ എഫ്.സി, ആര്‍മി റെഡ് എഫ്.ടി.
ഗ്രൂപ്പ് ഡി
ഒഡിഷ എഫ്.സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്സ്, സുദേവ എഫ്.സി, ആര്‍മി ഗ്രീന്‍ എഫ്.ടി.
Content highlight: Durand Cup Groups announced, Kerala Blasters in Group D