വയനാടിനൊപ്പം മഞ്ഞപ്പടയും; സ്വന്തം ജനതയെ ചേര്‍ത്തുപിടിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്
DSport
വയനാടിനൊപ്പം മഞ്ഞപ്പടയും; സ്വന്തം ജനതയെ ചേര്‍ത്തുപിടിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st August 2024, 4:50 pm

2024 ഡ്യൂറന്റ് കപ്പിലെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങാന്‍ ഒരുങ്ങുകയാണ്. കൊല്‍ക്കത്തയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്.സിയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍.

ഈ മത്സരത്തില്‍ വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് ഐക്യദാര്‍ഢ്യം നല്‍കാനൊരുങ്ങുകയാണ് ബ്ലാസ്റ്റേഴ്സ്. വയനാട്ടിലെ ദുരിതബാധിതര്‍ക്കുള്ള ആദരസൂചകമായി ഈ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ കറുത്ത ഹാന്‍ഡ് ബാന്‍ഡ് ധരിച്ചായിരിക്കും ഇറങ്ങുക.

മുംബൈ എഫ്.സിയുടെ റിസേര്‍വ് ടീമായിരിക്കും ഇന്ന് ബ്ലാസ്റ്റേഴ്‌സിനെതിരെ അണിനിരക്കുക. ആദ്യ മത്സരം തന്നെ വിജയിച്ചുകൊണ്ട് പുതിയ സീസണ്‍ തുടങ്ങാനായിരിക്കും ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുക. ഇന്ന് രാത്രി ഏഴ് മണിക്കാണ് മത്സരത്തിന്റെ കിക്ക് ഓഫ്.

അതേസമയം വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സൈന്യത്തിന്റെയും ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

ഇതിനോടകം തന്നെ മരണം 280 കടന്നിരിക്കുകയാണ്. ഇനിയും 200ലധികം ആളുകളെ കണ്ടെത്താന്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 82 ക്യാമ്പുകളിലായി 8000ലധികം ആളുകളാണ് നിലവില്‍ ക്യാമ്പില്‍ കഴിയുന്നത്. നിലവില്‍ 5000ത്തിലധികം ആളുകളെയാണ് രക്ഷപ്പെടുത്തിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. രാത്രി ആളുകള്‍ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു നാടിനെ നടുക്കിക്കൊണ്ട് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. 2019ലെ പുത്തുമല ദുരന്തത്തിന് ശേഷം വയനാടിനെ തകര്‍ത്തതും കേരളത്തില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയതുമായ ഉരുള്‍പൊട്ടലായിരുന്നു ഇത്.

 

Content Highlight: Durand Cup 2024. Kerala Blasters Have Gave Tribute To Wayanad Landslide