Film News
1000 കോടി ക്ലബ്ബിലെത്തുമോ ഡങ്കി? ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 01, 02:01 pm
Monday, 1st January 2024, 7:31 pm

2023ന്റെ അവസാനമെത്തിയ ബോളിവുഡ് ചിത്രമായിരുന്നു ഡങ്കി. ഡിസംബര്‍ 21ന് ഇറങ്ങിയ ചിത്രം രാജ് കുമാര്‍ ഹിരാനിയായിരുന്നു സംവിധാനം ചെയ്തത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹിരാനി- ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടായിരുന്നു ഡങ്കി.

ഹിരാനി തന്നെയാണ് ഡങ്കിയുടെ തിരക്കഥയും ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നത്. ഹിരാനിയോടൊപ്പം അഭിജാത് ജോഷി, കനിക ധില്ലന്‍ എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും ഇതുവരെ നേടിയത് 380.60 കോടി രൂപയാണ്. റെഡ് ചില്ലീസ് എന്റടൈമെന്റിന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് കളക്ഷന്‍ അപ്‌ഡേറ്റ്‌സ് പുറത്തുവിട്ടത്. റെഡ് ചില്ലീസ് എന്റടൈമെന്റും ജിയോ സ്റ്റുഡിയോസും ചേര്‍ന്നാണ് ഡങ്കി നിര്‍മിച്ചത്.

ആദ്യദിനത്തില്‍ ഡങ്കി ബോക്സ് ഓഫീസില്‍ നിന്നും നേടിയത് 50 കോടിയായിരുന്നു. ഡങ്കി 1000 കോടി ക്ലബ്ബിലെത്തിയാല്‍ ഒരേ വര്‍ഷം ഷാരൂഖ് ഹാട്രിക് അടിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.

അദ്ദേഹത്തിന്റെ പത്താനും ജവാനും ബോക്സ് ഓഫീസില്‍ നിന്നും 1000 കോടി നേടിയിരുന്നു. എന്നാല്‍ ഡങ്കിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഷാരൂഖ് ഖാന് പുറമെ ബൊമ്മന്‍ ഇറാനി, തപ്‌സി പന്നു, വിക്കി കൗശല്‍, വിക്രം കൊച്ചാര്‍, അനില്‍ ഗ്രോവര്‍ എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മുംബൈ, ജബല്‍പൂര്‍, കശ്മീര്‍, ബുഡാപെസ്റ്റ്, ലണ്ടന്‍, ജിദ്ദ, നിയോം എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഡങ്കിക്ക് അമന്‍ പന്താണ് പശ്ചാത്തലസംഗീതം പകര്‍ന്നത്. പ്രീതം സൗണ്ട് ട്രാക്ക് ഒരുക്കി. സി.കെ. മുരളീധരന്‍, മനുഷ് നന്ദന്‍, അമിത് റോയ് എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകര്‍.

Content Highlight: Dunki Worldwide Box Office Collection