തകര്‍പ്പന്‍ റെക്കോഡില്‍ ലങ്കയുടെ പോരാളി; ഇന്ത്യക്കെതിരെ ഇവന്‍ തന്നെ മുന്നില്‍
Sports News
തകര്‍പ്പന്‍ റെക്കോഡില്‍ ലങ്കയുടെ പോരാളി; ഇന്ത്യക്കെതിരെ ഇവന്‍ തന്നെ മുന്നില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 4th August 2024, 6:53 pm

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം കൊളംബോയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ് അവസാനിച്ചിരിക്കുകയാണ്. 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 240 റണ്‍സാണ് ലങ്കയ്ക്ക് നേടാന്‍ സാധിച്ചത്.

അവസാന ഘട്ടത്തില്‍ ലങ്കയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് ദുനിത് വെല്ലാലഗെയും കമിന്ദു മെന്‍ഡിസുമാണ്. ഏഴാമനായി ഇറങ്ങിയ ദുനിത് 35 പന്തില്‍ നിന്ന് രണ്ട് സിക്സും ഒരു ഫോറും അടക്കം 39 റണ്‍സാണ് നേടിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. 2023ന് ശേഷം ഇന്ത്യയ്‌ക്കെതിരെ ലോവര്‍ ബാറ്റിങ് ഓര്‍ഡറില്‍ ഏറ്റവും കൂടുതല്‍ 30+ റണ്‍സ് നേടുന്ന താരമാകാനാണ് ദുനിത്തിന് സാധിച്ചത്.

2023 മുതല്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതല്‍ 30+ റണ്‍സ് നേടിയ താരം, എണ്ണം

ദുനിത് വെല്ലാലഗെ – 4*

മിച്ചല്‍ സാന്റ്‌നര്‍ – 2

സീന്‍ എബ്ബോട്ട് – 1

മൈക്കല്‍ ബ്രേസ്‌വെല്‍ – 1

മുഹമ്മദുള്ള – 1

തുടക്കത്തില്‍ തന്നെ ലങ്കയ്ക്ക് കനത്ത തിരിച്ചടി നല്‍കിയാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ ഓവറിനെത്തിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് ഓപ്പണര്‍ പാതും നിസങ്കയെ സൈഡ് എഡ്ജില്‍ കുരുക്കി കീപ്പര്‍ കെ.എല്‍ രാഹുലിന്റെ കയ്യിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ 56 റണ്‍സ് നേടി ലങ്കയുടെ നെടുന്തൂണായി നിന്ന നിസങ്കയ്ക്ക് ഗോള്‍ഡന്‍ ഡക്കായാണ് കളത്തില്‍ നിന്നും മടങ്ങേണ്ടി വന്നത്.

അവിഷ്‌ക ഫെര്‍ണാണ്ടോ 62 പന്തില്‍ 40 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യന്‍ സ്റ്റാര്‍ യങ് ബോളര്‍ വാഷിങ്ടണ്‍ സുന്ദറാണ് താരത്തെ പുറത്താക്കി ഇന്ത്യക്ക് രണ്ടാമത്തെ വിക്കറ്റ് നേടിക്കൊടുത്തത്. തുടര്‍ന്ന് 30 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസിനെയും സുന്ദര്‍ ഒരു എല്‍.ബി.ഡബ്ല്യുവില്‍ വീഴ്ത്തി.

14 റണ്‍സിന് സതീര സമരവിക്രമയെ അക്‌സര്‍ പട്ടേലും പുറത്താക്കിയതോടെ ക്യാപ്റ്റന്‍ ചരിത് അസലങ്കയെ 25 റണ്‍സിന് പുറത്താക്കി സുന്ദര്‍ തന്റെ മൂന്നാം വിക്കറ്റും നേടി.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്

ശ്രീലങ്കന്‍ പ്ലെയിങ് ഇലവന്‍: പാതും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സതീര സമരവിക്രമ, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ജനിത് ലിയനാഗെ, ദുനിത് വെല്ലാലഗെ, അഖില ധനഞ്ജയ, അസിത ഫെര്‍ണാണ്ടോ, ജെഫറിവാന്‍ഡര്‍സെയ്, കമിന്ദു മെന്‍ഡിസ്

 

Content Highlight: Dunith Wellalage In Record Achievement Against India