കോപ്പയിലെ തോല്‍വി; ദുംഗ പുറത്ത്
Daily News
കോപ്പയിലെ തോല്‍വി; ദുംഗ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th June 2016, 8:06 am

dunga brazil

കാലിഫോര്‍ണിയ: കോപ്പ അമേരിക്കയുടെ ശതാബ്ദി ടൂര്‍ണമെന്റില്‍ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതിനെ തുടര്‍ന്ന് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കോച്ച് ഡൂംഗയെ പുറത്താക്കി. ഗ്രൂപ്പിലെ മൂന്നാം മല്‍സരത്തില്‍ പെറുവിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റാണ് ബ്രസീല്‍ പുറത്തായത്.

ആദ്യ കളിയില്‍ ഇക്വഡോറിനോട് കഷ്ടിച്ചു സമനില പിടിച്ച ബ്രസീല്‍ രണ്ടാം മല്‍സരത്തില്‍ ദുര്‍ബലരായ ഹെയ്ത്തിയെ 7-1നു തകര്‍ത്തിരുന്നു. ക്വാര്‍ട്ടറിലെത്താന്‍ ഒരു സമനില മതി എന്ന നിലയില്‍ നിന്നാണ് ബ്രസീല്‍ തോറ്റത്.

1987നു ശേഷം ആദ്യമായാണ് ബ്രസീല്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത്. ദുംഗയോടൊപ്പം ദേശീയ ടീമിന്റെ മറ്റു ചുമതലകളിലുള്ളവരെയും ഫെഡറേഷന്‍ പുറത്താക്കിയിട്ടുണ്ട്. കൊറിന്ത്യന്‍സ് പരിശീലകനായ ടിറ്റെയ്ക്കാണ് പുതിയ പരിശീലകനാവാനുള്ള സാധ്യത. റിയോ ഒളിംപിക്‌സിനുള്ള അണ്ടര്‍ 23 ടീമിനെയും പുതിയ കോച്ച് തന്നെ പരിശീലിപ്പിക്കും.

പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കപ്പെടുമെന്ന ഭയമില്ലെന്ന് ദുംഗ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബ്രസീല്‍ ദേശീയ ടീമിനെ പരിശീലിപ്പിക്കുമ്പോള്‍ ആഗ്രഹിച്ച ഫലം കിട്ടിയില്ലെങ്കില്‍ ആരാധകരുടെ രോഷത്തിന് പാത്രമാകേണ്ടി വരും. തങ്ങളുടെ ഫുട്‌ബോള്‍ ടീമിനെ പുതിയ പാതയിലെത്തിക്കാന്‍ 14 വര്‍ഷമാണ് ജര്‍മ്മനി എടുത്തത്. അവരുടെ ആ കഠിന ശ്രമത്തെ നാം പുകഴ്ത്തി. എന്നാല്‍ ബ്രസീലിന്റെ കാര്യം വരുമ്പോള്‍ രണ്ടു മിനുട്ടിനകം നമുക്ക് മറുപടി വേണം.

ഫുട്‌ബോളില്‍ ജോലി തുടങ്ങുമ്പോള്‍ ആദ്യം വേണ്ടത് ക്ഷമയാണ്. തുടര്‍ച്ചയാണ് ആവശ്യം, എന്താണ് ചെയ്യുന്നെന്നതിലുള്ള പരിപൂര്‍ണ വിശ്വാസവും. ജര്‍മനിക്ക് ക്ഷമയുണ്ട്, ബ്രസീലിനാകട്ടെ ക്ഷമയില്ല. പെട്ടെന്നുള്ള ഫലങ്ങളാണ് നമുക്ക് വേണ്ടത്. എന്നാലിതാകട്ടെ തുടര്‍ച്ചയുടെ ഭാഗമായാണ് വരുന്നത് ദുംഗ പറഞ്ഞു.