| Monday, 29th April 2024, 7:09 pm

മണല്‍ ഉണ്ടേല്‍ ഹോളിവുഡിന്റെ കോപ്പി; ആടുജീവിതത്തിന് പിന്നാലെ ചര്‍ച്ചയായി പ്രഭാസ് ചിത്രവും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം ഹോളിവുഡില്‍ റിലീസായ ബ്രഹ്‌മാണ്ഡ ചിത്രമാണ് ഡ്യൂണ്‍2. 1965ല്‍ ഫ്രാങ്ക് ഹെര്‍ബര്‍ട്ട് എഴുതിയ ഡ്യൂണ്‍ എന്ന നോവലിനെ അഡാപ്റ്റ് ചെയ്ത സിനിമയായിരുന്നു ഡ്യൂണ്‍. ഡെന്നിസ് വില്ലന്യൂവ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത് 2021ലായിരുന്നു.

തിമോത്തി ഷാലമെറ്റ്, സെന്‍ഡയ എന്നിവര്‍ ഒന്നിച്ച ചിത്രത്തിന് ആരാധകര്‍ ഏറെയാണ്. ഡ്യൂണ്‍2 പലതവണ ചര്‍ച്ചയായിരുന്നു. മലയാള സിനിമയില്‍ ഈ ചിത്രം ചര്‍ച്ചയായത് ബ്ലെസിയുടെ ആടുജീവിതം എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു.

പൃഥ്വിരാജ് സുകുമാരന്‍ നായകനായ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നപ്പോള്‍ അതിലെ വിഷ്വല്‍സിന് ഡ്യൂണിനോട് സാമ്യമുണ്ടെന്ന ചര്‍ച്ചകള്‍ വലിയ രീതിയില്‍ ഉയര്‍ന്നു വന്നിരുന്നു. ഡ്യൂണ്‍2 സിനിമയുടെ ചിത്രീകരണം നടന്നിരുന്നത് ജോര്‍ദനിലെ വാദി റം മരുഭൂമിയിലായിരുന്നു. ആടുജീവിതത്തിന്റെയും ഷൂട്ടിങ് നടന്നത് ജോര്‍ദനിലെ അതേ മരുഭൂമിയില്‍ തന്നെയായിരുന്നു.

ഇപ്പോള്‍ ഡ്യൂണ്‍2 വീണ്ടും ചര്‍ച്ചയാകുകയാണ്. ഇത്തവണ ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ട ഏറ്റവും വലിയ ബജറ്റില്‍ എത്താന്‍ പോകുന്ന കല്‍ക്കി 2898 എ.ഡിയുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍. കാസ്റ്റിങ് കൊണ്ടും ബജറ്റ് കൊണ്ടും സിനിമാ പ്രേമികളെ അതിശയിപ്പിച്ച ചിത്രമാണ് കല്‍ക്കി 2898 എ.ഡി.

മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസ്, ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദിഷ പടാനി തുടങ്ങിയ വലിയ താരനിര തന്നെയാണ് ഉള്ളത്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വന്നതോടെയാണ് ഡ്യൂണ്‍ സിനിമയെ ചേര്‍ത്തുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്.

കല്‍ക്കിയുടെ പോസ്റ്ററില്‍ കാണുന്ന കഥാപാത്രങ്ങളും മറ്റും ഡ്യൂണിനോട് സാമ്യമുണ്ടെന്ന വിമര്‍ശനം പോസ്റ്റര്‍ പുറത്തു വന്നയുടനെ തന്നെ ഉണ്ടായിരുന്നു. പോസ്റ്ററിലെ ദീപികയെ കാണാന്‍ ഡ്യൂണിലെ സെന്‍ഡയ അവതരിപ്പിച്ച ചാനിയെന്ന കഥാപാത്രവുമായി സാമ്യമുണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. ‘സെന്‍ഡയാഫിക്കേഷന്‍ ഓഫ് ദീപിക’ എന്ന കമന്റുകളും ഈ പോസ്റ്ററിന് പിന്നാലെ വന്നിരുന്നു.

ഇതിനിടയില്‍ സംവിധായകന്‍ നാഗ് അശ്വിന്‍ തന്റെ സിനിമക്ക് ഈ ഹോളിവുഡ് ചിത്രവുമായി സാമ്യം ഉണ്ടാവാന്‍ കാരണം അതിലെ മണല്‍ ആണെന്ന് പറഞ്ഞിരുന്നു. അടുത്തിടെ ഹൈദരാബാദില്‍ നടന്ന വി.എഫ്.എക്സ് ഉച്ചകോടിയിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

എന്തുകൊണ്ടാണ് കല്‍ക്കിക്ക് ഡ്യൂണിനോട് സാമ്യം തോന്നുന്നതെന്ന് നാഗ് അശ്വിനോട് ഒരു വിദ്യാര്‍ത്ഥി ചോദിക്കുകയായിരുന്നു. അതിന് മറുപടിയായി ‘സിനിമയില്‍ മണലുണ്ടെന്ന് നിങ്ങള്‍ ശ്രദ്ധിച്ചു അല്ലേ. സിനിമയില്‍ മണല്‍ ഉള്ളപ്പോഴെല്ലാം അത് ഡ്യൂണ്‍ പോലെ കാണപ്പെടും,’ എന്ന് നാഗ് അശ്വിന്‍ പറഞ്ഞു. ആടുജീവിതത്തിന് പിന്നാലെ കല്‍ക്കിയും ഡ്യൂണിനോട് ചേര്‍ത്ത് ചര്‍ച്ചയാകുമ്പോള്‍, ഏത് സിനിമയിലാണോ മരുഭൂമിയും മണലുമുള്ളത് ആ സിനിമ ഡ്യൂണിന്റെ കോപ്പിയാകുമോ എന്ന ചോദ്യവും ഉയരുന്നു.

Content Highlight: Dune 2 Again In Discussion Related To Kalkki 2898 AD After Aadujeevitham

We use cookies to give you the best possible experience. Learn more