രണ്ടു വര്‍ഷം മുന്നേ കനയ്യകുമാര്‍ ജയില്‍ വിമോചിതനായി നടത്തിയ പ്രസംഗത്തില്‍ സൂചിപ്പിച്ചൊരു കാര്യമുണ്ട് ഇടതു-ദളിത് സഖ്യം ഇന്ത്യന്‍ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള വിശാല പ്രതിരോധത്തിന്റെ അടിത്തറയാണെന്ന്. ഏറെ വൈകിയാണെങ്കിലും ആ തിരിച്ചറിവ് ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കാനും അതിന്റെ മുന്നോട്ട് പോക്കിനും സാധ്യമായതും ശക്തമായതുമായ സഖ്യമാണെന്ന് ആശിച്ചിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് നിരാശയാണുണ്ടായത്.
രണ്ട് വര്‍ഷത്തിനിപ്പുറം ഇടത് സംഘടനകളെ പോലും ഒരുമിച്ച് നിര്‍ത്താനോ ദളിത് സംഘടനയെ ഇടതുപക്ഷ മുന്നണിയിലേക്ക് സ്വീകരിച്ച് കൊണ്ട് വിശാലമായ ഐക്യം രൂപീകരിക്കുന്നതിന്നോ ജെ.എന്‍.യു ക്യാമ്പസിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി യൂണിയന് സാധിച്ചില്ലെന്നത് അപലനീയം തന്നെ. ശ്രമകരമായ ഒരു മുന്നൊരുക്കം പോലും നടത്താന്‍ കഴിഞ്ഞില്ലെന്നത് ജെ.എന്‍.യു ഇടതുപക്ഷത്തിന്റെ പരാജയം തന്നെയാണ്.
കഴിഞ്ഞ വര്‍ഷം എ.ഐ.എസ്.എഫ് മത്സരത്തില്‍ നിന്നും മാറി നിന്നത് ഇടതു വോട്ടുകളെ വിഘടിപ്പിക്കാതിരിക്കുന്നതിനും എ.ബി.വി.പിയെ ക്യാമ്പസിന്റെ മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്നും ഒഴിച്ചു നിര്‍ത്തുന്നതിനും കാരണമായി. അഭിപ്രായ ഭിന്നതകള്‍ക്കിടയിലും ഐക്യ ഇടതുപക്ഷ മുന്നണിയോടൊപ്പം കൈകോര്‍ത്തത് ഫാസിസത്തെ ചെറുത്തുനില്‍ക്കാനാണ്.
ഭൂരിപക്ഷം ന്യൂനപക്ഷത്തെ അരികുവല്‍കരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പഴകിച്ച പ്രയോഗ തന്ത്രം വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ സ്ഥിതിഗതികളില്‍ മാറ്റം ഉണ്ടാകതെ വയ്യല്ലോ. വിശാലമായ ഐക്യം പോയിട്ട് ആശയപരമായ ദൃഢത പോലും കൈവെടിഞ്ഞു കൊണ്ട് വെറും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിക്കുന്നവരായി മാറിയിരിക്കുന്നു ഐസയും എസ്.എഫ്.ഐയും നയിക്കുന്ന ഇടതുപക്ഷ സഖ്യം.
ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഏതു മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്ന ചോദ്യം തന്നെയാണ് വരുന്ന ഇലക്ഷനില്‍ രാഷ്ട്രീയ പ്രബുദ്ധരായ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്നത്.
സവര്‍ണതയുടെ മൂടുപടമണിഞ്ഞതാണ് ഇടതുപക്ഷ ഐക്യ മുന്നണിയെന്ന് ബാപ്‌സയാല്‍ (ബിര്‍സ അംബേദ്കര്‍ ഫുലേ സ്റ്റുഡന്‍സ് അസോസിയേഷന്‍) പരിഹസിക്കപ്പെടുബോള്‍ തന്നെ ഐസ-എസ്.എഫ്.ഐ മുന്നണിയുടെ സമവായ നിലപാടുകളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇടതു ഐക്യ മുന്നണിയുടെ സമവായ നിലപാടുകള്‍ തന്നെയാണ് എ.ഐ.എസ്.എഫിനെ ഐക്യ ഇടതുമുന്നണിയില്‍ നിന്നു മാറി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതും.
ഒറ്റക്ക് മല്‍സരിക്കാന്‍ തീരുമാനിക്കുന്നത് എ.ബി.വി.പിയെ തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ്. നജീബ് വിഷയത്തിലും, യു.ജി.സി സീറ്റ് വെട്ടി കുറച്ചതുമായി ബന്ധപ്പെട്ട സമരങ്ങളിലും യൂണിയന്‍ കൈകൊണ്ട നിലപാടുകള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അഭിപ്രായഭിന്നത ഉണ്ടാക്കിയിരുന്നു.
പലതരത്തിലുള്ള അഭിപ്രായ ഭിന്നതകളിലും ഫാസിസത്തെ ചെറുക്കാന്‍ നാം ഇനിയും പ്രയോഗ രാഷ്ട്രീയത്തിന്റെ പഴയ തന്ത്രങ്ങളിലേക്ക് തന്നെയാണോ പോകേണ്ടത്? അനുരജ്ഞനങ്ങളുടെ രാഷ്ട്രീയം ഫാസിസ്റ്റ് ഇന്ത്യയെ കൂടുതല്‍ ഫാസിസത്തിലേക്ക് തന്നെയെ നയിക്കു.
അവിടെയാണ് എ.ഐ.എസ്.എഫിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം ശ്രദ്ധേയമാകുന്നത്. തത്ത്വാധിഷ്ഠിത ഇടതുപക്ഷ(pricipled left) ത്തിനും ഐക്യ ഇടതുപക്ഷ മുന്നണിക്കും (united left) തമ്മിലുള്ള അന്തരം പ്രയോഗരാഷ്ട്രീയത്തിന്റെതാണ്. ഈ പ്രാവശ്യത്തെ ജെ എന്‍ യു ഇലക്ഷന്‍ ഇടത്ത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. ഫാസിസറ്റ് ഇന്ത്യയില്‍ ഇനിയും ഒത്തുതീര്‍പ്പുകളുടെ കൊടിയും പിടിച്ചാണോ നില്‍ക്കേണ്ടത്? അതോ ആശയവ്യക്തതയുള്ള നിലപാടുകളാണോ ഇന്ത്യന്‍ ഫാസിസ്റ്റ് ഭരണകൂടത്തെ തകര്‍ക്കുന്നതിന്നുള്ള പ്രതിരോധമായി നിലകൊള്ളേണ്ടത്?
ഇന്നുവരെ രാഷ്ട്രീയമായി നാം കൈകൊണ്ട പ്രായോഗികമായ നീക്കി വെക്കലുകള്‍ തന്നെയാണോ ഹിന്ദുത്വരാഷ്ട്രമെന്ന് അലറിവിളിക്കുന്നവര്‍ക്കെതിരെ പ്രതിരോധിക്കാന്‍ ഉപയോഗിക്കേണ്ടത്? ദ്രവീകരിച്ച ആ ദണ്ഡ് ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. പ്രത്യയശാസ്ത്രപരമായ ബലപ്പെടുത്തല്‍ ഇന്ത്യന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനു അത്യന്താപേക്ഷിതമായി മാറിയെന്ന മുന്നറിയിപ്പ് തന്നെയാണ് എ.ഐ.എസ്.എഫ് ഉയര്‍ത്തി പിടിക്കുന്നത്.
ഭരണകൂട സംഘപരിവാര്‍ ഫാസിസത്തിന്റെ കടന്നാക്രമണങ്ങള്‍ക്കെതിരായി ജെ.എന്‍.യു സമാനതകളില്ലാത്ത പ്രതിരോധം തീര്‍ത്ത നാളുകളില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ മുന്നില്‍ നിന്നും നയിക്കുകയും അതിന്റെ പേരില്‍ രാജ്യദ്രോഹിയെന്നു സംഘപരിവാര്‍ പ്രചരിപ്പിക്കുകയും ചെയ്ത അപരാജിത രാജയുടെ നേതൃത്വത്തിലാണ് ഇത്തവണ എ.ഐ.എസ്.എഫ് ജെ.എന്‍.യൂ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.