| Friday, 27th January 2017, 10:04 am

അത് പുലിയല്ല, വെറും ഡമ്മി: പുലിമുരുകനിലെ ക്ലൈമാക്‌സ് സീനിലേത് ഒറിജിനല്‍ പുലിയല്ലെന്ന്!

ഡൂള്‍ന്യൂസ് ഡെസ്‌ക്


ലൈഫ് ഓഫ് പൈ, ദ റവനന്റ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ നടന്മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഇത്തരത്തില്‍ ഡമ്മി മൃഗങ്ങളെ ഉപയോഗിച്ചിരുന്നു


മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ ബോക്‌സ് ഓഫീസുകളില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഒക്ടോബര്‍ 7ന് റിലീസ് ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ 100ദിവസം പൂര്‍ത്തിയാക്കി കഴിഞ്ഞു. 150 കോടി ക്ലബില്‍ ഇടംനേടിയ ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് പുലിയുമൊത്തുള്ള ക്ലൈമാക്‌സിലെ ഫൈറ്റ് സീനായിരുന്നു.

ഏറെ കയ്യടി നേടിയ ആ രംഗത്തിലെ പുലി ഒറിജിനല്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രസഹിതം ഓണ്‍ലുക്കേഴ്‌സ് മീഡിയയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ലൈഫ് ഓഫ് പൈ, ദ റവനന്റ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ നടന്മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഇത്തരത്തില്‍ ഡമ്മി മൃഗങ്ങളെ ഉപയോഗിച്ചിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഈ ടെക്‌നിക് വളരെ പോപ്പുലറാണ്. ആ ടെക്‌നിക് തന്നെയാണ് പുലുമുരുകനില്‍ മോഹന്‍ലാലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പുലിമുരുകനിലെ ഈ രംഗവുമായി ബന്ധപ്പെട്ട് നേരത്തെയും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ആ രംഗത്തില്‍ മോഹന്‍ലാല്‍ ഡ്യൂപ്പിനെ ഉപയോഗിച്ചു എന്ന പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം അണിയറ പ്രവര്‍ത്തകര്‍ തള്ളിക്കളയുകയും ചെയ്തിരുന്നു.


Must Read: റിപ്പബ്ലിക്ക് ദിനചടങ്ങ്: മോദി വീണ്ടും പ്രോട്ടോക്കോള്‍ തെറ്റിച്ചു; വീഡിയോ 


അടുത്തിടെ ഒരു ചാനലിലെ അവാര്‍ഡ് നൈറ്റില്‍ മോഹന്‍ലാല്‍ പുലിമുരുകനിലെ ഫൈറ്റ് സീന്‍ അവതരിപ്പിച്ചിരുന്നു. ഫൈറ്റ് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നിന്റെ പിന്തുണയോടെയാണ് സംഘട്ടന രംഗങ്ങള്‍ മോഹന്‍ലാല്‍ ലൈവായി അവതരിപ്പിച്ചത്. ഡ്യൂപ്പിനെ ഉപയോഗിച്ചാണ് ഈ രംഗങ്ങള്‍ ചെയ്തതെന്ന വിമര്‍ശനങ്ങള്‍ക്കു മോഹന്‍ലാലിന്റെ മറുപടിയായാണ് ഇത് വിലയിരുത്തപ്പെട്ടത്.

വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ 3ഡി വേര്‍ഷന്‍ ഉടന്‍ പുറത്തിറങ്ങുമെന്നാണ് അറിയിക്കുന്നത്. ഉദയ് കൃഷ്ണന്റെ തിരക്കഥയില്‍ തയ്യാറാക്കിയ ചിത്രം ടോമിച്ചല്‍ മുളകുപാടമാണ് നിര്‍മ്മിച്ചത്.

ഫോട്ടോ കടപ്പാട്: ഓണ്‍ലുക്കേഴ്‌സ് മീഡിയ

We use cookies to give you the best possible experience. Learn more