മലയാളത്തിൽ ഏറെ ആരാധകരുള്ള നടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന ഐഡന്റിറ്റിയിൽ സിനിമയിലേക്ക് എത്തിയ ദുൽഖർ അധികം വൈകാതെ തന്നെ തന്റേതായ ഒരു സ്ഥാനം ഇൻഡസ്ട്രിയിൽ നേടിയെടുത്തിരുന്നു.
വളരെ പെട്ടെന്ന് തന്നെ അന്യഭാഷകളിലും തിരക്കുള്ള ഒരു പാൻ ഇന്ത്യൻ സ്റ്റാറായി ഉയരാൻ ഡി.ക്യുവിന് കഴിഞ്ഞു. കണ്ണും കണ്ണും കൊള്ളയടിത്താൽ, ചുപ്പ് തുടങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടപ്പോൾ സീത രാമം എന്ന തെലുങ്ക് ചിത്രം കഴിഞ്ഞ വർഷത്തെ വലിയ വിജയമായി മാറി. പുതിയ ചിത്രം ലക്കി ഭാസ്കറും മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.
മമ്മൂട്ടിയും രജനികാന്തും ഒന്നിച്ചഭിനയിച്ച ദളപതി എന്ന ചിത്രം തന്റെ ഫേവറിറ്റ് സിനിമയാണെന്നും ചെറുപ്പത്തിൽ അതിന്റെ ഷൂട്ടിങ് നേരിട്ട് കണ്ടിട്ടുണ്ടെന്നും ദുൽഖർ പറയുന്നു. അന്ന് ദളപതി സിനിമ ഡി.വി.ഡിയിട്ട് കാണുമായിരുന്നുവെന്നും പിന്നീട് മഹാനടി എന്ന സിനിമയിൽ അഭിയനയിക്കുമ്പോൾ ദളപതിയുടെ ലൊക്കേഷനിൽ പോയിരുന്നുവെന്നും ദുൽഖർ പറഞ്ഞു.
‘അച്ഛനും രജിനിസാറും ഒരുമിച്ച് അഭിനയിച്ച ദളപതി എന്ന ചിത്രം എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സിനിമയാണ്. അവരെ വീണ്ടും ഒരുമിച്ച് കാണുക എന്നത് ഒരുപാട് സന്തോഷം തരുന്ന ഒന്നാണ്. ഞാൻ പഠിച്ചിരുന്ന സമയത്ത് ഒരു നാല് വർഷത്തോളം പുറത്തായിരുന്നു. അന്ന് അച്ഛനെ കാണണം എന്ന് എനിക്ക് തോന്നുമ്പോൾ എന്റെ കൈയിൽ ആകെ ഒരു സിനിമയുടെ ഡി.വി.ഡി മാത്രമേ ഉണ്ടായിരുന്നുള്ളു. അത് ദളപതി എന്ന ചിത്രത്തിന്റേതാണ്.
ദളപതി ഷൂട്ടിങ് നടക്കുമ്പോൾ ഞാൻ അവിടെ പോയിട്ടുണ്ട്. മൈസൂരിലെ ഷൂട്ടിനായിരുന്നു ഞാൻ പോയത്. പക്ഷെ ആ സമയത്ത് എനിക്ക് രജിനി സാറിനെ ഒന്നും അറിയില്ലായിരുന്നു. അത് എത്ര വലിയ സിനിമയാണെന്നോ ഇങ്ങനായൊരു ക്ലാസിക് ആണെന്നോ അന്നെനിക്ക് അറിയില്ലായിരുന്നു.
അന്ന് ഞാൻ അവിടുന്ന് കളിക്കുമ്പോൾ എനിക്കറിയില്ലായിരുന്നു എന്റെ പിന്നിൽ ഷൂട്ട് നടക്കുന്നത് ഒരു ക്ലാസിക് പടത്തിന്റെതാണെന്ന്. പിന്നെ കുറേ വർഷങ്ങൾ കഴിഞ്ഞ് മഹാനടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ആ ലൊക്കേഷനിലൊക്കെ ഞാൻ പോവുന്നത്. അത് എന്നെ സംബന്ധിച്ച് വലിയൊരു നിമിഷമായിരുന്നു,’ ദുൽഖർ പറയുന്നു.
അതേസമയം കിങ് ഓഫ് കൊത്തക്ക് ശേഷം ഒരു വർഷത്തെ ഇടവേള കഴിഞ്ഞാണ് പുതിയ ദുൽഖർ ചിത്രം ലക്കി ഭാസ്‍കർ ബോക്സ് ഓഫീസിൽ എത്തുന്നത്. മഹാനടി, സീതാരാമം എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം തെലുങ്കിൽ ഹാട്രിക് ഹിറ്റിലേക്കാണ് ലക്കി ഭാസ്കർ കുതിക്കുന്നത്. ദീപാവലി റിലീസായി എത്തിയ ചിത്രം എല്ലാ കേന്ദ്രങ്ങളിലും മികച്ച അഭിപ്രായമാണ് നേടുന്നത്.
Content Highlight: Dulqure Salman Shares Shooting Memoires Of Dhalapathi Movie