വലിയൊരു ഇടവേളക്ക് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തിയ ലക്കി ഭാസ്കർ കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയിരുന്നു. വിവിധ ഭാഷകളിലായി ഇറങ്ങിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ ജീവിതമാണ് കാണിക്കുന്നത്.
ചിത്രത്തിൽ നായികയായി എത്തിയത് മീനാക്ഷി ചൗധരിയാണ്. കുറഞ്ഞ സിനിമകളിലൂടെ തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ മീനാക്ഷി ഏറ്റവും അവസാനം ഗോട്ട് എന്ന ചിത്രത്തിൽ വിജയിയുടെ നായികയായാണ് എത്തിയത്. മീനാക്ഷിയെ കുറിച്ച് സംസാരിക്കുകയാണ് ദുൽഖർ.
മീനാക്ഷി ഒരു ആർമി ബാക്ക്ഗ്രൗണ്ടിൽ നിന്ന് വന്ന വ്യക്തിയാണെന്നും അച്ഛനെ നഷ്ടമായിട്ടും എപ്പോഴും പോസിറ്റീവായാണ് സംസാരിക്കാറുള്ളതെന്നും ദുൽഖർ പറയുന്നു. ആ ആർമി ചിട്ട അവളുടെ ജീവിതത്തിൽ ഉണ്ടെന്നും ഈ സിനിമയിൽ ഒരു അമ്മയായി അഭിനയിക്കാനൊന്നും മീനാക്ഷിക്ക് മടി ഇല്ലായിരുന്നുവെന്നും ദുൽഖർ പറയുന്നു. സുമതി എന്ന കഥാപാത്രത്തിലേക്ക് ഇപ്പോൾ തനിക്ക് മറ്റൊരാളെ സങ്കല്പിക്കാൻ കഴിയില്ലെന്നും ദുൽഖർ പറഞ്ഞു. റീൽവുഡ്‌സ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങളുടെ സംസാരത്തിൽ എനിക്ക് മനസിലായത് മീനാക്ഷിക്ക് ഒരു ആർമി ബാക്ക്ഗ്രൗണ്ട് ഉണ്ടെന്നാണ്. മീനാക്ഷിക്ക് 2018ൽ അവളുടെ അച്ഛനെ നഷ്ടമായി. പ്രൊഫഷൻ കൊണ്ട് മീനാക്ഷി ഒരു ഡെന്റിസ്റ്റാണ്.
എനിക്ക് തോന്നുന്നത് ആ ഒരു സമയത്ത് എല്ലാത്തിൽ നിന്നും പുറത്ത് കടക്കാനാണ് അവൾ ശ്രമിച്ചത്. പക്ഷെ അതൊന്നും കാണിക്കാതെ അവളെപ്പോഴും പോസിറ്റീവാണ്.
കൃത്യമായി വർക്കിന് വരും. ആ പട്ടാള ചിട്ട മീനാക്ഷിക്കുണ്ട്. സെറ്റിലൊക്കെ കൃത്യ സമയത്തെത്തും. അതുപോലെ എനിക്കിഷ്ടപ്പെട്ട മറ്റൊരു ക്വാളിറ്റി, ഇങ്ങനെ ഒരു അമ്മയായി അഭിനയിക്കാനൊന്നും അവൾക്കൊരു കുഴപ്പവുമില്ല. അതിനുള്ള പ്രായമൊന്നുമായിട്ടില്ല സത്യത്തിൽ. ഇന്നത്തെ കാലത്ത് അങ്ങനെയൊരു റോൾ ചെയ്യാൻ എല്ലാവരും തയ്യാറാവണമെന്നില്ല.
പക്ഷെ മീനാക്ഷി ഒരു മുടക്കവും പറഞ്ഞില്ല. അതിനെന്താ കുഴപ്പമില്ല എന്നൊരു ആറ്റിട്യൂഡായിരുന്നു മീനാക്ഷിക്ക്. ആദ്യ ദിവസം സുമതിയായി ഡ്രെസ്സ് ചെയ്ത് വന്നപ്പോൾ തന്നെ ഞങ്ങൾ കൺവിൻസായി. സുമതിയുടെ കഥാപാത്രത്തിലേക്ക് ഇപ്പോൾ എനിക്ക് മറ്റൊരാളെ സങ്കല്പിക്കാൻ പറ്റില്ല. മീനാക്ഷി ഇപ്പോൾ വേറേ സിനിമകളൊക്കെ ചെയ്യുമ്പോൾ എനിക്ക് മറ്റൊരാളായിട്ടാണ് തോന്നുക. ഇത് അവളുടെ ഒരു ഫുൾ ലെങ്ത്ത് റോളാണ്,’ദുൽഖർ പറയുന്നു.
Content Highlight: Dulqure Salman About Meenakshi Choudari