മലയാളത്തിൽ ഏറെ ആരാധകരുള്ള നടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന ഐഡന്റിറ്റിയിൽ സിനിമയിലേക്ക് എത്തിയ ദുൽഖർ അധികം വൈകാതെ തന്നെ തന്റേതായ ഒരു സ്ഥാനം ഇൻഡസ്ട്രിയിൽ നേടിയെടുത്തിരുന്നു.
വളരെ പെട്ടെന്ന് തന്നെ അന്യഭാഷകളിലും തിരക്കുള്ള ഒരു പാൻ ഇന്ത്യൻ സ്റ്റാറായി ഉയരാൻ ഡി.ക്യുവിന് കഴിഞ്ഞു. കണ്ണും കണ്ണും കൊള്ളയടിത്താൽ, ചുപ്പ് തുടങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടപ്പോൾ സീതാരാമം എന്ന തെലുങ്ക് ചിത്രം വലിയ വിജയമായി മാറി. ഏറ്റവും ഒടുവിലിറങ്ങിയ ലക്കി ഭാസ്കറും വലിയ വിജയമായി മാറി.
കർവാൻ എന്ന ചിത്രത്തിൽ ബോളിവുഡ് നടൻ ഇർഫാൻ ഖാനോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ദുൽഖർ. സിനിമയിൽ അഭിനയിക്കുമ്പോൾ ഇർഫാൻ റിഹേഴ്സൽ ചെയ്യുന്നതൊന്നും താൻ കണ്ടിട്ടില്ലെന്നും എന്നാൽ ടേക്കിന്റെ സമയത്ത് അദ്ദേഹം ക്യാമറയുടെ മുന്നിലുണ്ടാകുമെന്നും ദുൽഖർ പറയുന്നു.
സംവിധായകൻ മണിരത്നത്തിനൊപ്പം വർക്ക് ചെയ്ത അനുഭവവും ദുൽഖർ പങ്കുവെച്ചു. ചില സീനുകൾ മണിരത്നം ക്രമീകരിക്കുന്നത് മറ്റൊരു സംവിധായകരും ചെയ്യാത്ത വിധത്തിലാണെന്നും ദുൽഖർ കൂട്ടിച്ചേർത്തു.
‘ഞാനെന്ന നടനിൽ അവർ ഏത് തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തിയതെന്ന് വ്യക്തമായി പറയാൻ എനിക്കറിയില്ല. അവരോടൊക്കെ സിനിമയിലേക്ക് വരുന്നതിന് മുമ്പേ തന്നെ എനിക്ക് വലിയ ആരാധനയുണ്ട്. കൂടെ സിനിമ ചെയ്യുമ്പോൾ പോലും സ്വപ്നമായാണ് തോന്നിയത്. അവരുടെ കഠിനാധ്വാനവും ചിന്തയും കാഴ്ചപ്പാടും അച്ചടക്കവുമെല്ലാം നമുക്ക് ഊർജം നൽകും.
കർവാൻ ചെയ്യുമ്പോൾ എങ്ങനെയാണ് ഇർഫാൻ ഒരു സീനിൽ ഇത്ര ഗംഭീരമായി അഭിനയിക്കുന്നതെന്ന് നോക്കി നിന്നിട്ടുണ്ട്. കാരണം ഇർഫാൻ റിഹേഴ്സൽ ചെയ്യുന്നതൊന്നും നമ്മൾ കാണില്ല. പക്ഷേ ടേക്ക് എന്ന് പറയുമ്പോഴേക്കും എല്ലാം പഠിച്ച് ക്യാമറയുടെ മുന്നിലുണ്ടാകും. അതുപോലെ മണിരത്നം സാർ ഒരു സീൻ ക്രമീകരിക്കുന്നത് മറ്റാരും ചെയ്യാത്ത രീതിയിലാണ്
അങ്ങനെ ഓരോരുത്തരും വ്യത്യസ്തമായ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നത് കാണാനും പഠിക്കാനും എനിക്ക് ഇഷ്ടമുണ്ട്. ഇവരുടെയൊക്കെ കൂടെ വർക്ക് ചെയ്തപ്പോൾ എനിക്ക് ആത്മവിശ്വാസം കൂടിയിട്ടുണ്ട്,’ദുൽഖർ സൽമാൻ.
Content Highlight: Dulqur Salman About Irfan khan