തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായി അബിയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.
അദ്ദേഹം നമ്മെ ചിരിപ്പിച്ച സമയങ്ങളെ കുറിച്ച് ചിന്തിക്കാതിരിക്കാനാവില്ലെന്നും അബി ഇക്കയുടെ മിമിക്രികലാപരിപാടികള്‍ കണ്ടുകൊണ്ടായിരുന്നു തന്റെ കുട്ടിക്കാലത്തെ വളര്‍ച്ചയെന്നും ദുല്‍ഖര്‍ പറയുന്നു.
വിദേശത്തൊക്കെ അദ്ദേഹം നടത്തിയ പരിപാടികള്‍ അച്ഛനൊപ്പം കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കഴിവും പ്രതിഭയും വിലമതിക്കാനാവാത്തതാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ മലയാളത്തിലെ തന്നെ മികച്ച പ്രതിഭകളില്‍ ഒരാളാണ്.
ഷെയിനിനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അബി ഇക്കയെ വളരെ കുറച്ച് തവണയേ കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന്റെ വിയോഗം അപ്രതീക്ഷിതമാണ്. കുടുംബത്തിന്റെ വേദനയില്‍ താന്‍ പങ്കുചേരുന്നതായും ദുല്‍ഖര്‍ പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അബിയുടെ വിയോഗം. 52 വയസായിരുന്നു.
രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അബി. മലയാളത്തില്‍ മിമിക്രി കാസറ്റുകള്‍ക്ക് സ്വീകാര്യത നല്‍കിയത് അബിയായിരുന്നു. 50 ലേറെ മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.