വാപ്പച്ചി സീതാരാമം കണ്ടു, ഡബ്ബിങ് നന്നായി എന്ന് പറഞ്ഞു: ദുല്‍ഖര്‍ സല്‍മാന്‍
Film News
വാപ്പച്ചി സീതാരാമം കണ്ടു, ഡബ്ബിങ് നന്നായി എന്ന് പറഞ്ഞു: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th June 2023, 11:46 pm

2022ല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു സീതാരാമം. ദുല്‍ഖര്‍ സല്‍മാന്‍ മൃണാള്‍ താക്കൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം ഇന്ത്യയാകെ ചര്‍ച്ച ചെയ്യപ്പെട്ടു. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലിറങ്ങിയ ചിത്രം പാന്‍ ഇന്ത്യന്‍ ലെവലില്‍ ദുല്‍ഖറിന് ആരാധകരെ നേടിക്കൊടുത്തിരുന്നു.

ചിത്രത്തെ പറ്റി ദുല്‍ഖര്‍ പറയുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. ഒരു പൊതുചടങ്ങിനിടയില്‍ വേദിയില്‍ നില്‍ക്കുന്ന ദുല്‍ഖറിനടുത്തേക്ക് ഒരാള്‍ ക്യാമറയുമായി വന്നിട്ട് അപ്പ സീതാരാമം കണ്ടോ എന്ന് തമിഴില്‍ ചോദിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. കണ്ടു, ഡബ്ബിങ് നന്നായിട്ടുണ്ടെന്ന് പറഞ്ഞു എന്ന് ദുല്‍ഖര്‍ മറുപടിയും കൊടുക്കുന്നുണ്ട്. അതാണ് ഏറ്റവും പ്രധാനം എന്ന് പറഞ്ഞ് വീഡിയോ എടുക്കുന്നയാള്‍ പോവുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

സീതാരാമത്തിലൂടെ പാന്‍ ഇന്ത്യന്‍ റീച്ച് ഉയര്‍ന്നതോടെ ഇനി വരാനിരിക്കുന്ന ദുല്‍ഖര്‍ ചിത്രങ്ങള്‍ക്കും വലിയ പ്രതീക്ഷയാണുള്ളത്. അതില്‍ ഒന്നാമതുള്ളത് കിങ് ഓഫ് കൊത്ത തന്നെയാണ്.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്.

തിയേറ്ററില്‍ ദൃശ്യവിസ്മയം തീര്‍ക്കുന്ന ഒരു മാസ്സ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും കിങ് ഓഫ് കൊത്തയെന്നാണ് ഇതുവരെ പുറത്ത് വന്ന പോസ്റ്ററുകള്‍ പ്രകടമാക്കുന്നത്.

തെലുങ്ക് താരം റാണ ദഗ്ഗുബാട്ടിയും ദുല്‍ഖറിനൊപ്പമുള്ള ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. റാണയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ജൂണ്‍ ആറിന് ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇതുകൂടാതെ ടിനു പാപ്പച്ചനൊപ്പമുള്ള ചിത്രം, തമിഴ് സംവിധായകന്‍ വെങ്കി അറ്റ്‌ലൂരിയുമൊത്തുള്ള ചിത്രം എന്നിങ്ങനെ വമ്പന്‍ ലൈനപ്പാണ് ദുല്‍ഖറിനുള്ളത്.

Content Highlight: dulquer talks about mammootty’s compliment on sitha ramam