ബുര്‍ജ് ഖലീഫയുടെ പണി നടക്കുമ്പോള്‍ എനിക്ക് ദുബായില്‍ ജോലി, ഇത് സ്വപ്‌നം; ദുല്‍ഖര്‍ പറയുന്നു
Malayalam Cinema
ബുര്‍ജ് ഖലീഫയുടെ പണി നടക്കുമ്പോള്‍ എനിക്ക് ദുബായില്‍ ജോലി, ഇത് സ്വപ്‌നം; ദുല്‍ഖര്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th November 2021, 12:13 pm

ദുബായ്: ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സിനിമ’കുറുപ്പി’ന്റെ ട്രെയിലര്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ കഴിഞ്ഞ ദിവസമായിരുന്നു പ്രദര്‍ശിപ്പിച്ചത്.

സുകുമാരക്കുറുപ്പായി വേഷമിട്ട ദുല്‍ഖറിന്റെ ചിത്രങ്ങള്‍ കെട്ടിടത്തില്‍ തെളിഞ്ഞപ്പോള്‍ ആര്‍പ്പുവിളിച്ചാണ് കാണാനെത്തിയവര്‍ സ്വീകരിച്ചത്.
ബുര്‍ജിന്റെ കൂറ്റന്‍ ഗ്ലാസ് പാനലുകളില്‍ ചിത്രം മിന്നുന്നത് കാണാന്‍ നിരവധി ആരാധകര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും കുടുംബവുമുണ്ടായിരുന്നു.

ദുബായില്‍ ഒരുപാട് നാള്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും ബുര്‍ജ് ഖലീഫയില്‍ തന്റെ ചിത്രം തെളിഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമായിരുന്നുവെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്. ‘ദുബായില്‍ ഒരുപാട് നാള്‍ ജോലി ചെയ്ത ആളാണ് ഞാന്‍. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്തിട്ടുണ്ട്. അന്നൊക്കെ ബുര്‍ജ് ഖലീഫയുടെ കണ്‍സ്ട്രക്ഷനും നടക്കുന്നുണ്ട്. ഇങ്ങനെയൊരു കാര്യം എന്റെ ജീവിതത്തില്‍ നടക്കുമെന്ന് സ്വപ്നംപോലും കണ്ടിട്ടില്ല.’ദുല്‍ഖര്‍ പറഞ്ഞു.

‘ഞങ്ങളാരും തന്നെ ഇങ്ങനെയൊരു വരവേല്‍പ് പ്രതീക്ഷിച്ചിരുന്നില്ല. ഇതുപോലൊന്ന് സാധ്യമാകുമെന്ന് കരുതിയതുമില്ല. അത് സാധിച്ചു തന്ന ഫാര്‍സ് ഫിലിംസിനും ബുര്‍ജ് ഖലീഫയ്ക്കും റീല്‍ സിനിമാസിനും നന്ദി. നവംബര്‍ 12 മുതല്‍ ലോകമൊട്ടാകെ 1500 ഓളം സ്‌ക്രീനുകളില്‍ കുറുപ്പ് എത്തുന്നു. തീര്‍ച്ചയായും സിനിമ കണ്ട് നിങ്ങള്‍ പ്രോത്സാഹിപ്പിക്കണം.’ ദുല്‍ഖര്‍ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. 35 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ.എസ്. അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം