| Friday, 15th November 2024, 4:42 pm

തമിഴിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാറിന്റെ വേഷം ചെയ്യാന്‍ ദുല്‍ഖര്‍, മഹാനടിക്കും കുറുപ്പിനും ശേഷം മറ്റൊരു റിയല്‍ ലൈഫ് ക്യാരക്ടര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ യുവനടന്മാരില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് ശേഷം ഏത് സിനിമക്കും ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കാന്‍ ദുല്‍ഖറിന്റെ സിനിമകള്‍ക്കാണ് സാധിച്ചിട്ടുള്ളത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സാന്നിധ്യമറിയിച്ച ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്‌കര്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

ഇപ്പോഴിതാ ദുല്‍ഖറിന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കാന്തയുടെ കഥയാണ് ഇപ്പോള്‍ പുറത്തുവന്നത്. 1950കളില്‍ തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കാന്താ അണിയിച്ചൊരുക്കുന്നത്. തമിഴ് സിനിമയിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാറായ എം.കെ. ത്യാഗരാജ ഭാഗവതരായാണ് ദുല്‍ഖര്‍ വേഷമിടുന്നത്.

തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ ലക്ഷ്മികാന്തന്‍ കൊലപാതകത്തെ ആസ്പദമാക്കിയാണ് സെല്‍വമണി കാന്ത ഒരുക്കുന്നത്. 1950കളില്‍ തമിഴ്‌നാട്ടില്‍ ഏറെ കുപ്രസിദ്ധിയാര്‍ജിച്ച സിനിമാ ജേര്‍ണലിസ്റ്റായിരുന്നു ലക്ഷ്മികാന്തന്‍. സിനിമയിലെ അറിയാക്കഥകള്‍ സാധാരണക്കാര്‍ക്കിടയില്‍ എത്തിക്കുന്ന ലക്ഷ്മികാന്തന്റെ ‘സിനിമാ തൂത്ത്’ എന്ന വാരിക ത്യാഗരാജ ഭാഗവതരും സുഹൃത്തും ചേര്‍ന്ന് പൂട്ടിച്ചിരുന്നു.

എന്നാല്‍ ‘ഹിന്ദു നേസന്‍’ എന്ന പേരില്‍ മറ്റൊരു വാരിക ആരംഭിച്ച ലക്ഷ്മികാന്തന്‍ ത്യാഗരാജ ഭാഗവതരെയും മറ്റ് നടിമാരെയും വെച്ച് അപകീര്‍ത്തികരമായ കഥകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഭാഗവതര്‍ ലക്ഷ്മികാന്തനെ കൊലപ്പെടുത്തുന്നത്. ഇതേത്തുടര്‍ന്ന് പൊലീസ് ഭാഗവതരെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. ജയില്‍ മോചിതനായതിന് ശേഷം സിനിമയില്‍ നിന്നും കച്ചേരിയില്‍ നിന്നും വിട്ടുനിന്ന ഭാഗവതര്‍ പ്രമേഹം മൂലം 1959ല്‍ മരണപ്പെട്ടു.

തുടര്‍ച്ചയായി നാലാമത്തെ പീരിയഡ് സിനിമയിലാണ് ദുല്‍ഖര്‍ ഭാഗമാകുന്നത്. കുറുപ്പ്, കിങ് ഓഫ് കൊത്ത, സീതാ രാമം, ലക്കി ഭാസ്‌കര്‍ എന്നീ ചിത്രങ്ങളുടെ ഭാഗമായ ദുല്‍ഖര്‍, കാന്ത താന്‍ ചെയ്യുന്ന അവസാന പിരീയഡ് ചിത്രമാകുമെന്ന് അറിയിച്ചിരുന്നു. ദുല്‍ഖറിന് പുറമെ റാണാ ദഗ്ഗുബട്ടി, ഭാഗ്യശ്രീ ബോസ്, സമുദ്രക്കനി തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.

ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായ മഹാനടിയിലും അദ്ദേഹം ചെയ്തത് മറ്റൊരു സൂപ്പര്‍സ്റ്റാറിന്റെ വേഷമായിരുന്നു. തെലുങ്കിലും തമിഴിലും ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന ജെമിനി ഗണേശനായാണ് ദുല്‍ഖര്‍ വേഷമിട്ടത്. മികച്ച തെലുങ്ക് നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ദുല്‍ഖര്‍ മഹാനടിയിലൂടെ സ്വന്തമാക്കി. വീണ്ടും മറ്റൊരു സൂപ്പര്‍സ്റ്റാറായി ദുല്‍ഖര്‍ വേഷമിടുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Dulquer sets up to play the character of M K Thyagaraja Bhagavathar in Kaantha movie

We use cookies to give you the best possible experience. Learn more