ആരോ പറഞ്ഞപോലെ ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക്; മമ്മൂക്കയുടെ വൈറല്‍ ഡയലോഗ് പറഞ്ഞ് ദുല്‍ഖറും
Entertainment news
ആരോ പറഞ്ഞപോലെ ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക്; മമ്മൂക്കയുടെ വൈറല്‍ ഡയലോഗ് പറഞ്ഞ് ദുല്‍ഖറും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th July 2022, 9:49 am

കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളില്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ സീതാ രാമത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ സദസിന്റെ മുഴുവന്‍ കരഘോഷങ്ങള്‍ ലഭിച്ച ഒരു കാര്യം ദുല്‍ഖര്‍ പറയുകയുണ്ടായി.

മറ്റൊന്നുമായിരുന്നില്ല ഭീഷ്മപര്‍വം സിനിമയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ് എന്ന യൂട്യുബ്ബ് ചാനലില്‍ നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞ വൈറല്‍ ഡയലോഗ് ആയിരുന്നു അത്.

എന്തുകൊണ്ട് ഭീഷ്മപര്‍വത്തിന് ടിക്കറ്റ് എടുക്കണമെന്ന അവതാരകന്റെ ചോദ്യത്തിന് ‘ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക്’ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

സോഷ്യല്‍ മീഡിയ ഒന്നാകെ ഈ വാചകങ്ങള്‍ ഏറ്റെടുക്കുകയും ഒപ്പം ചിത്രവും വന്‍ ഹിറ്റ് ആയി മാറുകയും ചെയ്തിരുന്നു.

ആ വാചകങ്ങളാണ് ദുല്‍ഖര്‍ വീണ്ടും ലുലുവില്‍ പറഞ്ഞത്. എന്തുകൊണ്ട് സീതാ രാമത്തിന് ടിക്കറ്റ് എടുക്കണം എന്ന് ചോദിച്ചപ്പോള്‍, ആരോ പറഞ്ഞപോലെ ഒന്ന് ടിക്കറ്റ് എടുത്ത് നോക്കെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.

ആഗസ്റ്റ് അഞ്ചിനാണ് സീതാരാമം തിയേറ്ററുകളില്‍ എത്തുന്നത്. വമ്പന്‍ റിലീസാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. കൊച്ചി, ഹൈദരാബാദ്, ചെന്നൈ തുടങ്ങി വിവിധ ഇടങ്ങളില്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരുപാടികള്‍ നടന്നിരുന്നു. കാശ്മീരിലുള്‍പ്പടെ കഠിനമായ കാലാവസ്ഥയിലാണ് ചിത്രം ഷൂട്ട് ചെയ്തതെന്ന് നേരത്തെ ദുല്‍ഖര്‍ പറഞ്ഞിരുന്നു.

1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാരാമം പറയുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സീതാരാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹനു രാഘവപ്പുടി വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. രശ്മിക മന്ദാനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഫ്രീന്‍ എന്നാണ് രശ്മികയുടെ കഥാപാത്രത്തിന്റെ പേര്.

സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.

എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു. ഹനു രാഘവപുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Content Highlight : Dulquer says mammooty’s viral dailoug from Bheeshmaparvam promotion interview goes  viral