അടുത്തിടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയത്. സിനിമയില്‍ നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുന്ന സമയത്ത് പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലാണ് ഇപ്പോള്‍ ദുല്‍ഖറിന്റെ താരമൂല്യം. വിവിധ ഭാഷകളിലായി വ്യത്യസ്ത കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്.
താനിപ്പോള്‍ ബോധപൂര്‍വ്വം വ്യത്യസ്ത കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതാണെന്ന് പറയുകയാണ് ദുല്‍ഖര്‍. സിനിമയില്‍ തന്റെ റൊമാന്റിക് ഹീറോ ഘട്ടം കഴിഞ്ഞുവെന്നും ഇനി അതിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. എഫ്.ടി.ക്യു വിത്ത് രേഖ മേനോന്‍ പരിപാടിയിലാണ് തന്റെ കരിയറിനെ പറ്റി അദ്ദേഹം മനസ് തുറന്നത്.
”വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണം എന്നുള്ളത് എന്റെ ബോധപൂര്‍വമായ തീരുമാനമാണ്. എന്നെ കുറിച്ച് ആളുകള്‍ എഴുതുന്നതെല്ലാം ഞാന്‍ കാണാറുണ്ട്. എപ്പോഴും ഒരുപോലുള്ള വേഷവും സിനിമയുമാണ് ഞാന്‍ ചെയ്യുന്നത് എന്നൊക്ക പറയാറുണ്ട്. ആരെങ്കിലും എന്നോട് ആ ഒരു വേഷം ചെയ്യാന്‍ പറ്റില്ല എന്നു പറഞ്ഞാല്‍, എനിക്ക് അത് ചെയ്തിരിക്കണം. സിനിമകളില്‍ ഞാന്‍ എപ്പോഴും അത്തരത്തിലുള്ള കഥാപാത്രങ്ങളെ തേടാറുണ്ട്,” ദുല്‍ഖര്‍ പറയുന്നു.
”പിന്നെ നമ്മള്‍ എപ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്തണമല്ലോ. വ്യക്തിപരമായി ഇതിനകം ഞാന്‍ റൊമാന്റിക് ഹീറോ ഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു. എനിക്ക് മതിയായി. അതിലേക്ക് മടങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എപ്പോഴും ഒരുപോലുള്ള വേഷങ്ങള്‍ ചെയ്താല്‍ സംതൃപ്തനായേക്കാം. അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നത് കൊണ്ട് വീണ്ടും അത് തന്നെ ചെയ്‌തേക്കാം. അത് വളരെ എളുപ്പമാണല്ലോ.
നമ്മള്‍ കുടുബത്തെയും സുഹ്യത്തുക്കളെയും വിട്ട് നിന്ന് വര്‍ക്ക് ചെയ്യുമ്പോള്‍ അതിനെ വിലമതിക്കണമല്ലോ. വെറുതെ പോയി എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ല. ഒരു കാര്യം വെല്ലുവിളിയുണ്ടാക്കുന്നില്ലെങ്കില്‍ അത് എന്നെ പ്രചോദിപ്പിക്കില്ല,” ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്ത ‘സല്യൂട്ട്’ എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ റിലീസായത്. മാര്‍ച്ച് 18ന് സോണി ലിവിലൂടെയാണ് ചിത്രം റിലീസായത്.
ബോബി സഞ്ജയിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുത്. വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തില്‍ നായികയായെത്തുത്. ജേക്‌സ് ബിജോയിയാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്. ഛായാഗ്രഹണം അസ്‌ലം പുരയിലാണ്.
മനോജ്. കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ എിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Dulquer says his romantic hero phase in the film is over