ഏറെ കാലത്തിന് ശേഷം മലയാളികള്‍ തിയേറ്ററുകളില്‍ ആഘോഷമാക്കുന്ന ചിത്രമാണ് കുറുപ്പ്. മലയാള സിനിമയിലെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡും മറ്റ് റെക്കോര്‍ഡുകളും തകര്‍ത്താണ് കുറുപ്പ് പ്രദര്‍ശനം തുടരുന്നത്.
ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ കഥാപാത്രം ആരാണ് ചെയ്യുന്നതെന്നറിയാന്‍ പ്രേക്ഷകര്‍ ഒരുപാട് കാത്തിരുന്നിരുന്നു. എന്നാല്‍ തിയേറ്ററുകളിലെത്തിയ എല്ലാവരേയും ഒരേ പോലെ അത്ഭുതപ്പെടുത്തിയാണ് സ്‌ക്രീനില്‍ ടൊവിനോ എത്തിയത്. ചാര്‍ലി എന്നായിരുന്നു സിനിമയില്‍ ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്.
ഇപ്പോള്‍, ടൊവിനോയ്ക്ക് ആശംസകളും സ്‌നേഹവും പങ്കുവെക്കുകയാണ് ദുല്‍ഖര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറയുന്നത്.
‘ദി മദര്‍ ഓഫ് ഓള്‍ കാമിയോസ്. നമ്മുടെ ഏറ്റവുംവലിയ താരങ്ങളിലൊരാള്‍ ചാര്‍ലിയുടെ വേഷം ചെയ്യാമെന്ന് സംവിധായകനോട് ഇങ്ങോട്ട് പറയുന്നു! അതെനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള സന്തോഷമാണ് നല്‍കുന്നത്.
വളരെ ചെറിയൊരു ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. എന്നാല്‍ പരസ്പരം നമ്മള്‍ എപ്പോഴും ഒത്തുചേരലുകളും തകര്‍ക്കാന്‍ പറ്റാത്ത ശക്തിയായി മാറുകയുമാണ് ചെയ്യാറുള്ളത്.
സിനിമയില്‍ നിങ്ങളുടെ കഥാപാത്രം ചെയ്ത രീതി ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി. അതില്‍ നിഷ്‌കളങ്കതയും സ്‌നേഹവും പ്രതീക്ഷയും ഉള്‍ച്ചേര്‍ന്നിരുന്നു.
നിങ്ങളെ ട്രെയ്‌ലറിലോ ടീസറിലോ എന്തിന് ഒരു പോസ്റ്ററില്‍ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. കാരണം പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരു സര്‍പ്രൈസ് ഒരുക്കണമായിരുന്നു.
ഇതിനെല്ലാം ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. എന്റെ കൂട്ടാളിയായതിന്, വേഫെറര്‍ ഫിലിംസിന്റെ ഭാഗമായതിന്, എല്ലാത്തിനും നന്ദി. ഞങ്ങള്‍ എല്ലാവരും നിന്നോടൊപ്പമുണ്ട്. ‘മിന്നല്‍’ മിന്നല്‍ പോലെ ഇടിമുഴക്കമാകട്ടെ. എപ്പോഴും സ്‌നേഹിക്കുന്നു,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
തമിഴിലും തെലുങ്കിലുമടക്കം അഞ്ച് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം പുറത്തിറങ്ങിയത്. എല്ലാ ഇന്‍ഡസ്ട്രികളിലും മികച്ച ഓപ്പണിംഗാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യുകയായിരുന്നു.
ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം. സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ. എസ്. അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്.
കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Dulquer Salman Tovino Thomas Kurup