ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ദുല്‍ഖര്‍ ചിത്രം ‘കുറുപ്പ്’ തിയേറ്ററുകളിലെത്തിയിരിക്കുന്നത്.
ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി പറയുന്നത്.
‘നിങ്ങള്‍ ഓരോരുത്തരുടെയും സ്‌നേഹത്തിന് നന്ദി! നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്, പ്രതികരണങ്ങള്‍ക്ക് എല്ലാം നന്ദി. സിനിമകള്‍ വീണ്ടും തിയേറ്ററുകളില്‍ എത്തിയതിന്റെ ആഘോഷവും ആവേശവുമാണ് ഇപ്പോള്‍. എന്നെ സംബന്ധിച്ച് ഇതൊരു വൈകാരിക നിമിഷമാണ്.
കുറുപ്പിന്റെ ഓരോ അണിയറപ്രവര്‍ത്തകരോടും അഭിനേതാക്കളോടും ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ സ്‌നേഹവും സിനിമയോടുള്ള പ്രതിബദ്ധതയുമാണ് ഇതിലൂടെ പ്രകടമായത്. നിങ്ങളുടെ ഓരോരുത്തരുടെയും പ്രവര്‍ത്തനമാണ് സിനിമയെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചത്.
ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ‘കുറുപ്പി’നെ എത്തിച്ച എല്ലാ നല്ലവരായ വിതരണക്കാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. കുറുപ്പിനെ സ്‌നേഹിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരിക്കല്‍ കൂടി നന്ദി,’ ദുല്‍ഖര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വെള്ളിയാഴ്ചയാണ് കുറുപ്പ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം ഇറങ്ങിയിരിക്കുന്നത്.
ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ട്രെയ്‌ലറിനുംമെല്ലാം മികച്ച പ്രതികരണമായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്.
ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് കുറുപ്പ്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ.എസ്. അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്.
മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.