എനിക്ക് മുമ്പ് ഫഹദും പൃഥ്വിയും വന്നു, സിനിമയില്‍ എനിക്ക് റഫറന്‍സായി ആരുമില്ലായിരുന്നു: ദുല്‍ഖര്‍ സല്‍മാന്‍
Entertainment news
എനിക്ക് മുമ്പ് ഫഹദും പൃഥ്വിയും വന്നു, സിനിമയില്‍ എനിക്ക് റഫറന്‍സായി ആരുമില്ലായിരുന്നു: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th March 2023, 8:02 pm

ഇരുപത്തിയെട്ടാമത്തെ വയസില്‍ സെക്കന്റ് ഷോ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ പിതാവ് സിനിമയില്‍ ഇത്രയും തിളങ്ങി നില്‍ക്കുന്നൊരാളായിട്ടും അഭിനയത്തോട് ഇത്രയും പാഷനുണ്ടായിട്ടും എന്തുകൊണ്ടാണ് ഈ മേഖലയിലേക്ക് കടന്നുവരാന്‍ ഇത്രയും താമസിച്ചത് എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് ദുല്‍ഖര്‍.

തന്റെ പിതാവ് സിനിമയില്‍ തിളങ്ങി നില്‍ക്കുന്നയാളാണെന്നും അദ്ദേഹത്തിന്റെ പേര് താനായിട്ട് തന്നെ നശിപ്പിക്കരുതെന്ന് കരുതിയാണ് ആദ്യകാലത്തൊക്കെ സിനിമയില്‍ നിന്ന് വിട്ട് നിന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. തനിക്ക് അഭിനയം വരുമോ, തന്റെ മുഖം രണ്ട് മണിക്കൂര്‍ ആളുകള്‍ കണ്ടുകൊണ്ടിരിക്കുമോ തുടങ്ങി നിരവധി ചിന്തകള്‍ തന്നെയന്ന് അലട്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൊണ്ടോട്ടിയില്‍ ഒരു ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ താരം ആരാധകരോട് സംവദിക്കുകയായിരുന്നു.

‘ശരിക്കും പറഞ്ഞാല്‍ എനിക്ക് അക്കാര്യം പേടിയാണ് എപ്പോഴും. വളരെ പേടിച്ചാണ് ഇരുപത്തിയെട്ടാമത്തെ വയസില്‍ ഞാന്‍ സിനിമയിലേക്ക് വരുന്നത്. കാരണം വാപ്പച്ചി അത്രയും തിളങ്ങി നില്‍ക്കുന്ന സമയത്ത് ഞാനായി വന്നിട്ട്, ആ പേര് കളയണ്ടാ എന്നാണ് കരുതിയത്. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്താണ് ബിഗ് ബിയൊക്കെ ഇറങ്ങുന്നത്.

ഇനി ഞാനായിട്ട് സിനിമയിലേക്ക് വന്ന് അതൊക്കെ കുളമാക്കുവോ, എനിക്ക് അഭിനയം വരില്ലേ, എന്നെ ആളുകള്‍ രണ്ട് മണിക്കൂര്‍ കണ്ടുകൊണ്ടിരിക്കുേമോ എന്നൊക്കെയുള്ള ചിന്തകളായിരുന്നു അന്നുണ്ടായിരുന്നത്. എനിക്ക് തോന്നുന്നു നമ്മുടെയൊക്കെ ഇരുപതുകളിലായിരിക്കും കൂടുതല്‍ ഇന്‍സെക്യൂരിറ്റി തോന്നുന്നതെന്ന്. നമ്മളെ കുറിച്ച് തന്നെ ഒരു ആത്മവിശ്വാസമില്ലാത്ത അവസ്ഥ. അതുകൊണ്ടാണ് ഞാന്‍ അഭിനയിച്ചാല്‍ ശരിയാകില്ല എന്ന ചിന്തയിലേക്ക് എത്തിയത്.

എങ്ങാനും പാളിയാലോ എന്ന ചിന്തയായിരുന്നു അന്ന്. കാരണം സെക്കന്റ് ജനറേഷന്‍ താരങ്ങള്‍ വിജയിക്കുന്ന ഒരു രീതി അന്ന് നമ്മുടെ ഇന്‍ഡസ്ട്രീയില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ വരുന്നതിന് മുമ്പാണ് ഫഹദ് വന്ന് പോകുന്നത്. ഞാനൊക്കെ വരുന്നതിന് മുമ്പ് പൃഥ്വി സിനിമയില്‍ വന്നിട്ടുണ്ടായിരുന്നു. എനിക്ക് ആവശ്യമായിട്ടുള്ള റെഫറന്‍സായി ഇവിടെ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് വാപ്പച്ചിയുടെ പേര് ഞാനായി കളയെണ്ട എന്ന തീരുമാനത്തില്‍ തന്നെ നിന്നത്.

എന്നാല്‍ ഇപ്പോള്‍ ഇതല്ലാതെ മറ്റൊന്നും ചെയ്യാന്‍ എനിക്ക് ആഗ്രഹമില്ല. എന്റെ വീടെന്ന് പറയുന്നത് എനിക്ക് അത്രക്ക് ഇഷ്ടമുള്ള സ്ഥലമാണ്. അവിടെ നിന്നും പുറത്തേക്കിറങ്ങി ഈ ജോലി ഞാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അതിനോടെനിക്ക് അത്രക്ക് ഇഷ്ടമുള്ളതുകൊണ്ടാണ്,’ ദുല്‍ഖര്‍ പറഞ്ഞു.

content highlight: dulquer salman talks about his film career