| Monday, 25th July 2022, 1:07 pm

സീതയെ തേടിയുള്ള യാത്ര; ദുല്‍ഖറിന്റെ പുതിയ ചിത്രം സീതാരാമം ട്രെയ്ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന സീതാരാമം എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ഹൈദരാബാദില്‍ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറക്കിയത്.

വൈജയന്തി നെറ്റ്‌വര്‍ക്ക് എന്ന യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്ത ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിലവില്‍ ചിത്രത്തിന്റെ തെലുങ്ക് ട്രെയ്ലര്‍ മാത്രമാണ് റിലീസ് ചെയ്തിരിക്കുന്നത്. മറ്റുള്ള ഭാഷയിലെ ട്രെയ്ലറുകള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ പുറത്തുവിടും.

ലഫ്. റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റാമിന്റെ ജീവിതത്തിലെ പ്രണയവും. സീതക്ക് വേണ്ടിയുള്ള തിരച്ചിലുമാണ് ട്രെയ്ലറില്‍ കാണുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്‍ പരുപാടികള്‍ വമ്പന്‍ രീതിയിലാണ് മുന്നോട്ട് പോകുന്നത്. വിവിധ നഗരങ്ങളില്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകരും താരങ്ങളും ആരാധകരെ കാണുന്നുണ്ട്.

ആഗസ്റ്റ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ലോകമെമ്പാടും വലിയ റിലീസാണ് ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്.
കാശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാ രാമം പറയുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സീതാരാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹനു രാഘവപ്പുടി വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. രശ്മിക മന്ദാനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഫ്രീന്‍ എന്നാണ് രശ്മികയുടെ കഥാപാത്രത്തിന്റെ പേര്.

സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.

എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു. ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

കുറുപ്പായിരുന്നു ദുൽഖറിന്റെ ഒടുവിൽ തിയറ്ററിൽ റിലീസായ ചിത്രം. മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കിയ ചിത്രം റെക്കോഡ്‌ കളക്ഷനാണ് നേടിയത്. കിങ് ഓഫ് കൊത്ത, ഓതിരകടകം തുടങ്ങിയ ചിത്രങ്ങളും ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Content Highlight :Dulquer salman starring  Sitha Ramam Movie trailer released

We use cookies to give you the best possible experience. Learn more