'എനിക്കിപ്പോള്‍ പുറത്തുള്ളൊരു കമ്പനിയുടെ സിനിമയില്‍ ജോലിചെയ്യുന്നതിനെക്കാള്‍ കംഫര്‍ട്ടബിളായി തോന്നുന്നത് എന്റെ നിര്‍മാണക്കമ്പനിക്കുവേണ്ടി അഭിനയിക്കുമ്പോഴാണ്': ദുല്‍ഖര്‍ സല്‍മാന്‍
Entertainment news
'എനിക്കിപ്പോള്‍ പുറത്തുള്ളൊരു കമ്പനിയുടെ സിനിമയില്‍ ജോലിചെയ്യുന്നതിനെക്കാള്‍ കംഫര്‍ട്ടബിളായി തോന്നുന്നത് എന്റെ നിര്‍മാണക്കമ്പനിക്കുവേണ്ടി അഭിനയിക്കുമ്പോഴാണ്': ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 21st March 2022, 11:22 am

ഒരുപാട് ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയിലെത്തി പത്ത് വര്‍ഷം പിന്നിടുമ്പാള്‍ ദുല്‍ഖര്‍ ചെയ്ത ഓരോ കഥാപാത്രവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. താരത്തിന്റെ സ്വന്തം നിര്‍മാണ കമ്പനിയായ വേഫെറര്‍ ഫിലിംസും പ്രശസ്തമാണ്.

തന്റെ നിര്‍മാണ കമ്പനി ഒരിക്കലും വ്യക്തിപരമായ ആവശ്യത്തിനുണ്ടാക്കിയതല്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്. മാതൃഭൂമി ഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിക്കുന്നത്.

സിനിമയില്‍ തന്റെ പ്രതിഫലം കൂട്ടാനോ കുറക്കോനോ വേണ്ടിയുള്ള സംരഭമായി നിര്‍മാണ കമ്പനിയെ കണ്ടിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.

‘സ്വന്തം കാലില്‍നില്‍ക്കുന്ന, ലാഭമുണ്ടാക്കാന്‍ കഴിയുന്ന ഒരു കമ്പനിയായി ഇതിനെ മാറ്റിയെടുക്കണമെന്നാണ് എന്റെ ആഗ്രഹം. ഇപ്പോള്‍ സിനിമക്കായി പണം വായ്പയെടുത്തൊക്കെ മുടക്കിക്കഴിഞ്ഞാല്‍ കൊവിഡ് പോലുള്ള പ്രശ്നങ്ങളൊക്കെ വരുമ്പോള്‍ വലിയ നഷ്ടംവരും.

ഞാന്‍ നിര്‍മാണക്കമ്പനി ഒരിക്കലും വ്യക്തിപരമായ ആവശ്യത്തിനുണ്ടാക്കിയതല്ല. സിനിമയില്‍ എന്റെ പ്രതിഫലം കൂട്ടാനോ അല്ലെങ്കില്‍ ഒരു പടത്തില്‍ എന്റെ ഷെയര്‍ കൂട്ടാനോ വേണ്ടിയുള്ളൊരു സംരംഭമാണിതെന്നും ചിന്തിച്ചിട്ടില്ല.

സിനിമയില്‍ നിന്ന് കിട്ടുന്നത് പരമാവധി വേറെ സിനിമകളിലേക്ക് നിക്ഷേപിക്കാന്‍ പറ്റണം, എന്റേതുമാത്രമല്ലാത്ത സിനിമകളും നിര്‍മിക്കണം. ഇതൊക്കെയാണ് മനസിലുള്ളത്.

കുഞ്ഞുസിനിമകളായാലും അത് പരമാവധി വിജയിപ്പിക്കാന്‍ പറ്റണമെന്നും അതുപോലുള്ള സിനിമകളുമായി ആളുകള്‍ നമ്മുടെയടുത്തേക്ക് ഇനിയും വരണമെന്നൊക്കെയുണ്ട്. എനിക്ക് വര്‍ഷം അഞ്ചാറുപടമേ ചെയ്യാന്‍പറ്റൂ.

നിര്‍മാതാവ് എന്ന നിലയില്‍ അതില്‍ക്കൂടുതല്‍ ചെയ്യണമെന്നുണ്ട്. ഇതൊരു സെല്‍ഫ് റണ്ണിങ് കമ്പനിയാക്കി മാറ്റണം, അതിനൊരു ടീമുണ്ടാവണം, റൈറ്റിങ് ഡിപ്പാര്‍ട്ട്മെന്റുണ്ടാവണം,’ ദുല്‍ഖര്‍ പറഞ്ഞു.

സല്യൂട്ടില്‍ നിര്‍മാണവും അഭിനയവും ഒരുമിച്ച് ചെയ്തിട്ടും നടന്‍ എന്ന നിലയില്‍ ഉത്തരവാദിത്തം വര്‍ധിച്ചിട്ടില്ലെന്നും, തന്റെ നിര്‍മാണ കമ്പനിയിലുള്ള മികച്ച ടീമിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

‘ഈ സിനിമയില്‍ നിര്‍മാണവും അഭിനയവും ഒരുമിച്ച് ചെയ്തിട്ടും നടന്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തം വര്‍ധിച്ചിട്ടില്ല. ഈ കമ്പനി തുടങ്ങിയപ്പോള്‍ത്തന്നെ ഞാനൊരു നല്ല ടീമുണ്ടാക്കിയിരുന്നു.

ഇതിലുള്ളവരെല്ലാം വര്‍ഷങ്ങളായിട്ട് എനിക്കറിയാവുന്നവരും നല്ല ജോലികള്‍ വിട്ടിട്ട് ഇതിലേക്ക് വരികയുമൊക്കെ ചെയ്തവരാണ്. ഇവര്‍ക്ക് സിനിമ മാത്രമല്ല, ബിസിനസും അറിയാം. ഞങ്ങള്‍ ആദ്യമൊരു കുഞ്ഞിപ്പടം വെച്ചാണ് തുടങ്ങിയത്.

അതുവെച്ച് പഠിക്കാം, സംവിധാനം ചെയ്യാം, അതിലൊരു തെറ്റുപറ്റിയാലും അത് നമ്മളെ വലിയരീതിയില്‍ ബാധിക്കില്ല. നമുക്ക് സേഫായിട്ട് പുറത്തുവരാനും പറ്റും.

രണ്ടാമത് ഞങ്ങള്‍ ചെയ്തത് വരനെ ആവശ്യമുണ്ട് എന്ന സിനിമയാണ്. അതുകഴിഞ്ഞ് കുറുപ്പ് എത്തുമ്പോഴേക്ക് ഞങ്ങളുടെ ടീം വളരെ സ്ട്രോങ്ങായി മാറിയിരുന്നു. എനിക്കിപ്പോള്‍ പുറത്തുള്ളൊരു കമ്പനിയുടെ സിനിമയില്‍ ജോലിചെയ്യുന്നതിനെക്കാള്‍ കംഫര്‍ട്ടബിളായി തോന്നുന്നത് എന്റെ നിര്‍മാണക്കമ്പനിക്കുവേണ്ടി അഭിനയിക്കുമ്പോഴാണ്,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ‘സല്യൂട്ട്’ സോണി ലിവിലൂടെ മാര്‍ച്ച് 17ന് റിലീസ് ചെയ്തിയിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ രചനയും തിരക്കഥയും ബോബി സഞ്ജയാണ്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍ ദുല്‍ഖര്‍ ആദ്യമായാണ് നായകനാവുന്നത്. അരവിന്ദ് കരുണാകരന്‍ ഐ.പി.എസ് എന്ന പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ സിനിമയിലെത്തുന്നത്.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് നായിക. ജേക്സ് ബിജോയ്യുടേതാണ് സംഗീതം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. ഛായാഗ്രഹണം അസ്‌ലം പുരയിലാണ്. പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം. വേഫെറര്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.

മനോജ് കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.


Content Highlights: Dulquer salman speaks about his film production company