ആഗസ്റ്റ് അഞ്ചിനാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തെലുങ്ക് ചിത്രം സീതാ രാമം റിലീസ് ചെയ്യുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് വലിയ റിലീസാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയത്.
ലോകമെമ്പാടും ഒരേ സമയം വലിയ റിലീസ് ഒരുക്കിയ ചിത്രത്തിന് പക്ഷെ ഗള്‍ഫ് രാജ്യങ്ങളില്‍ നിലവില്‍ റിലീസ് സാധ്യമാകില്ല.
മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ രാജ്യങ്ങളില്ലെല്ലാം ദുല്‍ഖറിന്റെ ചിത്രങ്ങള്‍ക്ക് ഏറെ പ്രേക്ഷകര്‍ ഉള്ളപ്പോള്‍ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ അത് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ഇതിനൊപ്പം തന്നയാണ് ചിത്രത്തിന് കേരളത്തില്‍ ചിത്രത്തിന് വൈഡ് റിലീസ് ഉണ്ടാകില്ല എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.
ഒരു ദുല്‍ഖര്‍ സിനിമയെ സംബന്ധിച്ചടുത്തോളം കുറഞ്ഞ തിയേറ്ററുകളില്‍ മാത്രമാകും ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്.
ഇതിനൊപ്പം തന്നെ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത സുരേഷ് ഗോപി-ജോഷി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പശ്ചാത്തലത്തിലും കേരളത്തിലെ നിലവിലെ കാലാവസ്ഥയൊക്കെ സീതാ രാമത്തിന് വെല്ലുവിളിയായി തന്നെ തുടരുകയാണ്.
പക്ഷെ ഹൈദരാബാദിലും ആന്ധ്രാ പ്രദേശിലും മികച്ച ബുക്കിങാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസിന് മുമ്പ് തന്നെ നിരവധി എക്‌സ്ട്രാ ഷോകള്‍ ഉള്‍പ്പെടെത്തി കഴിഞ്ഞു.
പക്ഷെ ഇത്തരം വെല്ലുവിളികള്‍ ഒക്കെ നില നില്‍ക്കുമ്പോഴും മികച്ച അഭിപ്രായം ചിത്രത്തിന് നേടാനായല്‍ ഈ വെല്ലുവിളികള്‍ ഒക്കെ മറികടന്ന് പ്രേക്ഷകര്‍ ചിത്രം തിയേറ്ററില്‍ എത്തി തന്നെ കാണുമെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ ബാന്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും വീണ്ടും സെന്‍സര്‍ ചെയ്ത് അനുമതി ലഭിച്ചാല്‍ ചിത്രം റിലീസ് ചെയ്യാനാകും. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാരാമം പറയുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സീതാരാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹനു രാഘവപ്പുടി വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. .
സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.
എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു. ഹനു രാഘവപുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
Content Highlight: Dulquer salman Sita Ramam movie is facing so many hurdles before release