| Friday, 4th February 2022, 11:17 am

മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും പാന്‍ ഇന്ത്യന്‍ സ്റ്റാറിലേക്ക്; പത്ത് വര്‍ഷത്തെ സിനിമാ ജീവിതത്തിന്റെ ഓര്‍മകളുമായി ദുല്‍ഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലാണ് ദുല്‍ഖര്‍ സല്‍മാന്റെ സ്ഥാനം. മമ്മൂട്ടിയുടെ മകനെന്ന ലേബലുമായി പത്ത് വര്‍ഷം മുമ്പേയാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. ശേഷം സ്വന്തം കഴിവിലൂടെയും പരിശ്രമത്തിലൂടെയും മലയാളത്തിന് പുറത്തേക്കും, അങ്ങ് ബോളിവുഡ് വരെയെത്തി പാന്‍ ഇന്ത്യന്‍ സ്റ്റാറിലേക്ക് ദുല്‍ഖര്‍ വളര്‍ന്നിരിക്കുകയാണ്.

കേരളത്തിലെ സിനിമ താരങ്ങളില്‍ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ കൂടിയാണ് ദുല്‍ഖര്‍. താരത്തിന്റെ സിനിമാജീവിതം ഫെബ്രുവരി മൂന്നിന് പത്ത് വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. തെന്നിന്ത്യന്‍ സ്റ്റാര്‍ പ്രഭാസ് ഉള്‍പ്പെട നിരവധി താരങ്ങളാണ് ദുല്‍ഖറിന് ആശംസകളുമായി എത്തിയത്.

പത്ത് വര്‍ഷത്തെ സിനിമയിലെ യാത്രയെ പറ്റി ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് ദുല്‍ഖര്‍.

പത്ത് വര്‍ഷം മുന്‍പ് സിനിമയിലേക്ക് പ്രവേശിച്ചതും പിന്നീടുള്ള വളര്‍ച്ചയുമെല്ലാം പ്രകൃതിയിലെ രൂപകങ്ങളെ ഉപയോഗിച്ച് പ്രതീകാത്മകമായാണ് ദുല്‍ഖര്‍ വിവരിച്ചത്.

ഇതിനൊപ്പം തന്റെ സിനിമകളും കഥാപാത്രങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോയും ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘കുറുപ്പ്’ ആണ് അവസാനമായി തിയേറ്ററുകളിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം. ‘കണ്ണും കണ്ണും കൊളളയടിത്താല്‍’ എന്ന സിനിമയ്ക്കു ശേഷമുള്ള തമിഴ്സിനിമ ‘ഹേ സിനാമിക’, റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘സല്യൂട്ട്’ എന്നിവയാണ് ദുല്‍ഖറിന്റെ പുതിയ ചിത്രങ്ങള്‍.

ഫെബ്രുവരി 25 നാണ് ഹേ സിനാമികയുടെ റിലീസ്. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്‌ളിക്‌സിലും ഊട്ടിലും റിലീസ് ചെയ്യും. അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍.

വാരണം ആയിരം, മാന്‍ കരാട്ടെ, കടല്‍, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ കൊറിയോഗ്രാഫറായിരുന്ന ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേ സിനാമിക.

അതേസമയം ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് സല്യൂട്ടിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. ജനുവരി 14നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

മുംബൈ പോലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പൊലീസ് മൂവി കൂടിയാണ് സല്യൂട്ട്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് കൂട്ടുകെട്ടാണ്.


Content Highlight: dulquer salman shares his memories of 10 years in cinema

We use cookies to give you the best possible experience. Learn more