മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലാണ് ദുല്‍ഖര്‍ സല്‍മാന്റെ സ്ഥാനം. മമ്മൂട്ടിയുടെ മകനെന്ന ലേബലുമായി പത്ത് വര്‍ഷം മുമ്പാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. ശേഷം സ്വന്തം കഴിവിലൂടെയും പരിശ്രമത്തിലൂടെയും മലയാളത്തിന് പുറത്തേക്കും, അങ്ങ് പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്കും വളര്‍ന്നിരിക്കുകയാണ് ദുല്‍ഖര്‍.
കേരളത്തിലെ സിനിമ താരങ്ങളില്‍ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ കൂടിയാണ് ദുല്‍ഖര്‍. താരത്തിന്റെ സിനിമാജീവിതം ഫെബ്രുവരി മൂന്നിന് പത്ത് വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ തന്റെ പത്ത് വര്‍ഷത്തെ സിനിമാ ജീവിത യാത്രയെ പറ്റിയുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍.
പത്ത് വര്‍ഷത്തിനിപ്പുറം തരിഞ്ഞുനോക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നില്ലെന്നും എന്നാല്‍ വലിയ സ്വീകാര്യതയുള്ള നടനാകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും തുറന്നുപറയുകയാണ് ദുല്‍ഖര്‍. ഒ.ടി.ടി പ്ലേ എന്ന ഇഗ്ലീഷ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറയുന്നത്.
എല്ലാവരുടേയും ജീവിതത്തില്‍ രക്ഷിതാക്കള്‍ സ്വാധീനം ചെലുത്തിയത് പോലെ തന്റെ ജീവിതത്തിലും മമ്മൂട്ടിയുടെ സാന്നിധ്യത്തിന് വലിയ പങ്കുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു.
‘ഏതൊരും മക്കളും ഏതെങ്കിലും വിധത്തില്‍ അച്ഛനെ അനുകരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അത് എല്ലായ്‌പ്പോഴും അവരുടെ കരിയര്‍ പാത തെരഞ്ഞെടുക്കുന്നതിന് മാത്രമാകില്ല.
അവരുടെ മൂല്യങ്ങള്‍, സ്വഭാവവിശേഷങ്ങള്‍ അല്ലെങ്കില്‍ അവര്‍ സ്വയം എങ്ങനെ പെരുമാറുന്നു, അങ്ങനെ പലതിനേയും കുറിച്ചായിരിക്കാം. അങ്ങനെ എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.
സമൂഹത്തില്‍ മാത്രമല്ല, കുടുംബങ്ങള്‍ക്കുള്ളിലും വലിയ ബഹുമാനമുള്ള ആളാണ് വാപ്പച്ചിയെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെപോലെ ഒരാളാകാന്‍ താനും ആഗ്രഹിച്ചിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.
ഇനിയും കൂടുതല്‍ സിനിമ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഥാപാത്രത്തേക്കാള്‍ വലുതാണ് സിനിമയെന്ന് വിശ്വസിക്കുന്നുവെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ യാത്രയെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണെന്നും എന്നാല്‍ തന്റെ മാതാപിതാക്കല്‍ പ്രൊട്ടക്റ്റീവ് ആയതുകൊണ്ട് അതിന് അവസരം ലഭിച്ചിരുന്നില്ലെന്നും ദുല്‍ഖര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയുമായി സമീര്‍ക്ക എന്നെ സമീപിച്ചപ്പോള്‍ പറഞ്ഞത് ഞാന്‍ പറഞ്ഞത് ഇന്നും ഓര്‍ക്കുന്നുണ്ട്.
എനിക്ക് വളരെ പ്രൊട്ടക്റ്റീവായ മാതാപിതാക്കളാണുള്ളത്. ഞാനൊരു മോട്ടോര്‍ സൈക്കിളില്‍ കയറിയാല്‍ പോലും അവര്‍ക്ക് പേടിയാണ് ഞാന്‍ പുറത്താണെങ്കില്‍ മടങ്ങിവരുന്നതുവരെ അവര്‍ക്ക് സമാധാനമുണ്ടാകില്ല.
സോളോ റൈഡര്‍മാരുടെ നിരവധി പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ ജോലിയെ യാത്ര ചെയ്യാന്‍ എനിക്ക് ലഭിക്കുന്ന വലിയ അവസരമായാണ് ഞാന്‍ കാണുന്നത്,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
കുറുപ്പാണ് അവസാനമായി പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം. ജനുവരി 14 ന് റിലീസ് ചെയ്യാനിരുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.
Content Highlights: Dulquer Salman Shares his childhood memories with his father Mammootty